പറ്റ്ന: ബീഹാറിൽ റെയില്‍വേ ജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭത്തിനിടെ പാസഞ്ചർ ട്രെയിൻ കത്തിച്ചു. ഗയയിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷാ തീയതിയിൽ മാറ്റം വരുത്തിയതിനെതിനെ തുടർന്ന് ഉദ്യോഗാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം.
മറ്റൊരു ട്രെയിനിന് നേരെ ഉദ്യോഗാർഥികൾ കല്ലെറിഞ്ഞു. പ്രതിഷേധം കനത്തതോടെ, പരീക്ഷ തത്കാലം നിര്‍ത്തിവെയ്ക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഉദ്യോഗാര്‍ഥികളുടെ പരാതിയെ കുറിച്ച് പഠിക്കാന്‍ സമിതിക്ക് രൂപം നല്കി.
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ (ആര്‍ആര്‍ബി) നോണ്‍-ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ് (എന്‍ടിപിസി) മല്‍സര പരീക്ഷകള്‍ക്കെതിരായാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം തുടരുന്നത്.
ഗയയില്‍, പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസുകാര്‍ ശ്രമിച്ചപ്പോള്‍, അവരില്‍ ചിലര്‍ ട്രെയിന്‍ കമ്ബാര്ട്ടുമെന്റിന് തീയിടുകയായിരുന്നു. ആ സമയത്ത് ആളില്ലാതെ നിര്‍ത്തിയിട്ട നിലയിലായിരുന്നു ട്രെയിന്‍. സംഭവത്തില്‍ പരിക്കുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാവിലെ, അറയിലും പ്രക്ഷോഭകര്‍ ട്രെയിന്‍ കമ്ബാര്ട്ടുമെന്റ് കത്തിച്ചിരുന്നു.