ബംഗളൂരു: പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യയുടെ ഏകദിന-ട്വന്റി-20 നായകൻ രോഹിത് ശർമ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ കളിക്കും. ഇന്ന് നടന്ന ബിസിസിഐയുടെ ശാരീരികക്ഷമതാ പരിശോധന രോഹിത് വിജയിച്ചു.
പരിക്കിനെ തുടർന്ന് രോഹിത്തിന് ദക്ഷിണാഫ്രിക്കൻ പര്യടനം പൂർണമായും നഷ്ടമായിരുന്നു. രോഹിതിന്റെ അഭാവത്തിൽ കെ.എൽ.രാഹുലാണ് ഇന്ത്യയെ നയിച്ചത്.
വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ നിന്ന് ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ ഒഴിവാക്കുമെന്നും റിപ്പോർട്ടുണ്ട്. പരിക്കിനെ തുടർന്ന് ചികിത്സയിലായതിനാൽ സ്പിന്നർ അശ്വിനും ടീമിലുണ്ടാകില്ലെന്നാണ് സൂചന.
പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും ഒരുമിച്ചുള്ള ആദ്യ പരമ്പരയാണ് ഇത്. ഫെബ്രുവരി 6, 9, 11 തീയതികളിലായി അഹമ്മദാബാദിലാണ് ഏകദിന മത്സരങ്ങൾ. 16, 18, 20 തീയതികളിലായി കൊൽക്കത്തയിൽ ട്വന്റി20 മത്സരങ്ങളും നടക്കും.