കൊച്ചി: ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പൊലീസിന് ഫോൺ കൊടുക്കില്ലെന്ന് ദിലീപ്. ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കാം. പൊലീസിന് കൈമാറിയാൽ കള്ളക്കഥയുണ്ടാക്കും. ഫോൺ വിദഗ്ധ പരിശോധനക്ക് ഹാജരാക്കിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.
ഇപ്പോൾ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും ഫോണിൽ ഇല്ല. ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകൾ ഒന്നും കേസുമായി ബന്ധമുള്ളതല്ല എന്നും ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടിയായി ദിലീപ് അറിയിച്ചു.
ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോൺ ആണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണിൽ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോൺ വിവരങ്ങൾ വീണ്ടെടുക്കാൻ താൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഒരാഴ്ചയ്ക്ക് അകം ഫലം കിട്ടും. ഈ ഫലം താൻ കോടതിക്ക് കൈമാറാം. കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകൾ ഹാജരാക്കിയതാണ്. വീണ്ടും ഫോൺ ആവശ്യപ്പെടാൻ നിയമപരമായി അധികാരമില്ല. ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയത് നിയമപരമല്ല. നോട്ടീസ് പിൻവലിക്കണം. ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണുകൾ പിടിച്ചെടുക്കണം. ഇവർ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോൺ പരിശോധിച്ചാൽ തെളിയും.
പ്രതി എന്ന നിലയിൽ തനിക്ക് നോട്ടീസ് നൽകാൻ അന്വേഷണ സംഘത്തിന് കഴിയില്ല. നോട്ടീസ് തനിക്ക് നൽകുന്നതിനു മുൻപ് മാധ്യമങ്ങൾക്ക് നൽകിയെന്നും ദിലീപ് പറയുന്നു.
അതേസമയം, ഗൂഡാലോചന കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നാളെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കരുതെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.