കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗുഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കം അഞ്ച് പ്രതികളും ഫോണ് മുക്കിയെന്ന് ക്രൈംബ്രാഞ്ച്. മുൻപ് ഉപയോഗിച്ചിരുന്ന ഫോണുകൾ കൈമാറാൻ പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30 വരെയായിരുന്നു ഫോണ് ഹാജരാക്കാൻ സമയം അനുവദിച്ചിരുന്നത്. എന്നാൽ പ്രതികളാരും ഫോണ് ഹാജരാക്കിയില്ല.
എന്നാൽ ദിലീപ് ഉപയോഗിച്ച രണ്ടു ഫോണുകൾ ഉൾപ്പടെ അഞ്ച് ഫോണുകൾ അഭിഭാഷകർക്ക് നൽകിയെന്നാണ് പ്രതികളുടെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചിന് മറുപടി നൽകും.
പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് പുതിയ ഫോണുകളാണ്. പഴയ ഫോണുകൾ ലഭിച്ചാൽ വാട്സ് ആപ്പ് ചാറ്റുകൾ അടക്കം തിരിച്ചെടുത്ത് പരിശോധിക്കാൻ കഴിയുമെന്നും ഇതുവഴി ഗുഢാലോചനയുടെ കുടൂതൽ വിവരങ്ങൾ ലഭിക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് ന്റെ നിഗമനം.