മാന്നാര്‍: റെയില്‍വേയിലും എയര്‍പോര്‍ട്ടിലും ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ യുവാക്കളില്‍ നിന്നും ഇരുപത് ലക്ഷത്തോളം രൂപ കൈപ്പറ്റിയ കേസില്‍ രണ്ടു പേരെ മാന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തു.പണം നല്കി മാസങ്ങളായിട്ടും വിവരങ്ങള്‍ ഒന്നും ഇല്ലാതെ വന്നപ്പോള്‍ ഫോണിലും അല്ലാതെയും ബന്ധപ്പെടുമ്പോള്‍ ഓരോ അവധി പറഞ്ഞ് പറ്റിക്കുകയായിരുന്നു.2021 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി മാന്നാര്‍ കുരട്ടിക്കാട് സ്വദേശികളായ യുവാക്കളില്‍ നിന്നും വിമാനത്തില്‍ കാബിന്‍ക്രൂ ആയും റെയില്‍വേ ഡിവിഷണല്‍ ഓഫീസില്‍ ജോലിയും വാഗ്ദാനം ചെയ്ത് യഥാക്രമം ആറ് ലക്ഷവും പതിനാലു ലക്ഷംരൂപയും വാങ്ങിയിരുന്നു.
പ്രതികള്‍ നല്‍കിയിരുന്ന ഇരുപത് ലക്ഷം രൂപയുടെ ചെക്ക് ബാങ്കില്‍ നല്കിയപ്പോള് ഉപയോഗിക്കാത്ത അക്കൗണ്ടിലെ ചെക്കാണ് നല്‍കിയതെന്ന് മനസിലായതിനെ തുടര്‍ന്ന് യുവാക്കള്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.കോഴിക്കോട് കണ്ണാടിക്കല്‍ വെങ്ങേരി ശ്രീഹരിചേതന വീട്ടില്‍ സന്ദീപ് കെ.പി (42), തിരുവനന്തപുരം തൈക്കാട് ആഞ്ജനേയ വീട്ടില്‍ ശങ്കര്‍.ഡി (52) എന്നിവരാണ് പിടിയിന്ലായത്.