ദുബൈ: അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമായ ‘റാശിദ്’റോവര്‍ ഒക്ടോബറില്‍ ചന്ദ്രനില്‍ എത്തിക്കാന്‍ ശ്രമം.2020ല്‍ പ്രഖ്യാപിച്ച ദൗത്യം 2024ല്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ജപ്പാനുമായി ചേര്‍ന്ന് ഈ വര്‍ഷം ഒക്ടോബറില്‍ ദൗത്യം നടപ്പാക്കാനാണ് ലക്ഷ്യമെന്ന് മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ സാലിം അല്‍ മര്‍റി പറഞ്ഞു.മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്ററിന്റെ അടുത്ത 10 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രഖ്യാപനം.
ജപ്പാന്റെ ഹക്തുവോ ആര് ലാന്‍ഡര്‍ ഉപയോഗിച്ച് റാശിദ് റോവറിനെ ചന്ദ്രനില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ സ്പേസ് സെന്ററിലെ എന്‍ജിനീയര്‍മാരാണ് റാശിദ് നിര്‍മിക്കുന്നത്. 2017ല്‍ ഇതിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടന്‍ ജപ്പാന്റെ ലാന്‍ഡര്‍ കുതിക്കും. 2019ലാണ് ഹക്തൂവോ ലാന്‍ഡര്‍ നിര്‍മിച്ചത്. സാങ്കേതിക പ്രശ്നംമൂലം 2020ല്‍ ഇതിന്റെ ലോഞ്ചിങ് തടസ്സപ്പെട്ടിരുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണിത്. ഏപ്രിലില്‍ ഹക്തൂവോയും റാശിദുമായുള്ള സംയോജിപ്പിക്കല്‍ തുടങ്ങും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപിക്കുന്നത്. ഇതിന് മുമ്ബായി അന്തിമ പരിശോധന നടത്തും. ബഹിരാകാശ ഏജന്‍സികളുടെയും സ്വകാര്യ കമ്ബനികളുടെയും ഏഴ് പേലോഡുകളും ജപ്പാന്റെ ലാന്ഡറിലുണ്ടാവും.
ജപ്പാന് സ്പേസ് ഏജന്‍സിയുടെ ലൂണാര്‍ റോബോട്ട്, കനേഡിയന്‍ കമ്പനിയായ കനാഡെന്സീസ് ഏറോസ്പേസിന്റെ 360 ഡിഗ്രി കാമറ, കനേഷിയന്‍ ഓര്‍ഗനൈസേഷനായ മിഷന് കണ്ട്രോള് സര്‍വിസിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഫ്ലൈറ്റ് കമ്ബ്യൂട്ടര്‍ തുടങ്ങിയ ഇതിലുണ്ടാവും. ലാന്‍ഡര്‍ വിജയകരമായി ചന്ദ്രനിലെത്തിയാല്‍ അത് ബഹിരാകാശ രംഗത്തെ വാണിജ്യത്തിന് പ്രധാന നാഴികക്കല്ലായി മാറും.
യു.എ.ഇ ബഹിരാകാശത്തേക്ക് ആദ്യമായി മനുഷ്യനെ അയച്ചതിന്റെ ഒന്നാം വാര്‍ഷിക വേളയിലായിരുന്നു പ്രഖ്യാപനം. അറബ് ലോകത്തെ ആദ്യ ചൊവ്വ പര്യവേക്ഷണ പേടകം വിജയകരമായി വിക്ഷേപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ചാന്ദ്രദൗത്യം ഏറ്റെടുത്തത്.
1000 ചിത്രങ്ങളാണ് ഇതില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. വാഹനം ചന്ദ്രനില്‍ ഇറങ്ങുന്ന സ്ഥലം, ഭൂമിയുടെ രാത്രിചിത്രങ്ങള്‍, നാവിഗേഷന്‍ ഡേറ്റ തുടങ്ങിയവ പ്രതീക്ഷിക്കുന്നു. 2117ല്‍ ചൊവ്വയില്‍ നഗരം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള കാല്‍വെപ്പാണിത്.ഇതുവരെ നടന്ന ദൗത്യങ്ങളില്‍ എത്തിപ്പെടാന്‍ പറ്റാത്ത പ്രദേശങ്ങളില്‍ ‘റാശിദ്’എത്തുമെന്നും ചിത്രങ്ങളും വിവരങ്ങളും ആഗോളതലത്തില്‍ ഗവേഷണകേന്ദ്രങ്ങളുമായി പങ്കിടുമെന്നുമാണ് പ്രതീക്ഷ. ചിത്രങ്ങളെടുക്കാന്‍ രണ്ട് ഹൈ റെസല്യൂഷന്‍ കാമറയും ഒരു മൈക്രോസ്കോപിക് കാമറയും 3 ഡി കാമറയും റാശിദിലുണ്ടാകും.