മുംബൈ: ശക്തമായ നിരാശയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക് സമ്മാനിച്ചിരിക്കുന്നത്. പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കീഴില്‍ പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. ഏകദിന പരമ്പരയില്‍ 3-0ത്തിന്റെ സമ്പൂര്‍ണ പരാജയം. ടെസ്റ്റിലാവട്ടെ 2-1നും തോറ്റും. കെ എല്‍ രാഹുലായിരുന്നു ഏകദിന പരമ്പരയിലെ ക്യാപ്റ്റന്‍. ടെസ്റ്റ് പരമ്പര നഷ്ടത്തിന് പിന്നാലെ കോലി നായകസ്ഥാനത്ത് നിന്നൊഴിയുകയും ചെയ്തു.
രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ മുതിര്‍ന്ന താരങ്ങളുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ദ്രാവിഡ് ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. ചില താരങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിരാശപ്പെടുത്തുകയും ചെയ്തു. അതില്‍ പ്രധാനി പേസര്‍ ഭുവനേശ്വര്‍ കുമാറായിരുന്നു. ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഈ പട്ടികയില്‍ വരും. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര. നാട്ടില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.
ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണെന്നാണ് പുറത്തുവരുന്ന സൂചന. ആദ്യം തെറിക്കുക ഭുവിയുടെ തൊപ്പിതന്നെയാണ്. അശ്വിന്‍ പരമ്പരയില്‍ നിന്ന് പിന്മാറുകയുണ്ടായി. വെങ്കടേഷിനെ ടീമില്‍ നിന്ന് മാറ്റിയേക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിലേക്ക് തിരിച്ചെത്തും. പരിക്കിനെ തുടര്‍ന്നാണ് താരത്തിന് ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമായത്. ഇത്രയും നാള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലായിരുന്നു അദ്ദേഹം. ശരീരഭാരം കുറച്ച രോഹിത് മുംബൈയില്‍ പരിശീലനം ആരംഭിച്ചിരുന്നു. കായികക്ഷമത പരിശോധനയക്ക് ശേഷം അദ്ദേഹം ടീമിനൊപ്പം ചേരുമെന്നും റിപ്പോർട്ട് ഉണ്ട്.