തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ എൻ 95 മാസ്കിന് കടുത്ത ക്ഷാമം.വിപണിയിൽ ക്ഷാമമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണംകോവിഡ് രോഗികൾ കൂടുതലുള്ള എറണാകുളം ജില്ലയിലാണ് എൻ 95 മാസ്കിന് കടുത്ത ക്ഷാമം. ജനറൽ ആശുപത്രിയിലടക്കം മാസ്ക് കിട്ടാനില്ല. ഇതോടെ ഓപി നടത്തുന്നതടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മറ്റു ജില്ലകളിലേയും സ്ഥിതി വ്യത്യസ്തമല്ല.
കടുത്ത ക്ഷാമം നേരിടുന്ന ചില ആശുപത്രികൾ ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടിൽ നിന്നും പണമെടുത്ത് കാരുണ്യയിൽ നിന്നടക്കം മാസ്കുകൾക്ക് ഒർഡർ നൽകി. എന്നാൽ ആവശ്യപ്പെടുന്ന മാസ്കിന്റെ പകുതി പോലും എത്തിക്കാൻ കാരുണ്യ ഫാർമസികൾക്ക് കഴിയുന്നില്ല. 15 ദിവസം മുമ്പ് ഓർഡർ നൽകിയ എറണാകുളം ജനറൽ ആശുപത്രിക്ക് ഇന്നലെ കിട്ടിയത് 470 മാസ്കുകൾ മാത്രം.
ഇതിനിടെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്ന , കിടത്തി ചികിൽസ വേണ്ടിവരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മാത്രം കൊവിഡ് പരിശോധന നടത്തിയാൽ മതിയെന്ന നിർദേശവും ആശുപത്രികൾക്ക് ലഭിച്ചിട്ടുണ്ട്. ലക്ഷണങ്ങളുമായി എത്തുന്നവരെ പരിശോധന നടത്താതെ തന്നെ കൊവിഡ് ബാധിതരായി കണക്കാക്കണമെന്ന നിർദേശവുമുണ്ട്. ജില്ലാ സർവൈലൻസ് ഓഫിസർമാർ വഴിയാണ് ഈ നിർദേശം ആശുപത്രികൾക്ക് നൽകിയത്.