കരുനാഗപ്പള്ളി: യുവാവിനെ മർദിക്കാൻ ക്വട്ടേഷൻ നൽകി സൈനികൻ. കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലാണ് സംഭവം. പത്തംഗസംഘത്തിനാണ് സൈനികൻ ക്വട്ടേഷൻ നൽകിയത്. സൈനികന്റെ ആവശ്യപ്രകാരം പത്തംഗ സംഘം വളഞ്ഞിട്ട് യുവാവിനെ മർദിക്കുകയായിരുന്നു.
തൊടിയൂർ സ്വദേശി അമ്പാടിയെന്ന ഇരുപത്തിയേഴുകാരനെയാണ് അക്രമി സംഘം വീട്ടിൽ കയറി വളഞ്ഞിട്ട് തല്ലിയത്. മർദിക്കുന്നതിന്റെ വീഡിയോയും സംഘം പകർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തിൽ ഏഴു പേർ പോലീസ് പിടിയിലായിട്ടുണ്ട്. ബ്ലാക്ക് വിഷ്ണു, അലി ഉമ്മർ , മണി, നബീൽ, ഗോകുൽ , ചന്തു , ഫൈസൽ ഖാൻ എന്നീ പ്രതികളാണ് അറസ്റ്റിലായത്.
കരസേന ഉദ്യോഗസ്ഥനായ സന്ദീപിന്റെ നിർദ്ദേശമനുസരിച്ചാണ് അക്രമി സംഘം യുവാവിനെ മർദ്ദിച്ചത്. സന്ദീപിന്റെ വനിതാ സുഹൃത്തിനോട് അമ്പാടി അപമര്യാദയായി പെരുമാറിയതിനുള്ള പ്രതികാരമായിട്ടായിരുന്നു മർദ്ദനം. പ്രതിഫലമായി ലഹരി മരുന്ന് നൽകിയാണ് സന്ദീപ് യുവാക്കളെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.