ന്യൂഡൽഹി: നാല് മലയാളികൾക്ക് പത്മശ്രീ പുരസ്കാരം. വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പത്മമശ്രീ പുരസ്കാരം ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പാണ് പത്മമശ്രീ നേടിയ മറ്റൊരു മലയാളി.
സാമൂഹ്യപ്രവർത്തനത്തിന് കെവി റാബിയയും കായിക രംഗത്തെ സംഭാവനകൾക്ക് ചുണ്ടയിൽ ശങ്കരനാരായണൻ മേനോനും പുരസ്കാരങ്ങൾ ലഭിച്ചു.
തപസ്യയുടെ പഴയ നേതാവ് പി.നാരായണ കുറുപ്പ് ആലപ്പുഴ ജില്ലയിലാണ് ജനിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കടയിലാണ് നിലവില്‍ താമസം. ആജ് തകിലെ വിവേക് നാരായണന്റെ അച്ഛനാണ്. പോളിയോബാധിതയായ കെ വി റാബിയ കാന്‍സറിനെയും നട്ടെല്ലിനേറ്റ ക്ഷതത്തേയും അതിജയിച്ചാണ് കഴിഞ്ഞ 3 പതിറ്റാണ്ട് കാലം വിദ്യാഭ്യാസ,സാംസ്‌കാരിക,സാമൂഹിക രംഗത്ത് സജീവമായിരുന്നത്.
ഇന്ത്യയുടെ പ്രഥമ സ്ത്രീശാക്തീകരണ പുരസ്‌കാര ജേതാവ് കൂടിയാണ് കെ.വി.റാബിയ. സംരക്ഷണത്തിനും അവയെപ്പറ്റി കേരളത്തിനകത്തും പുറത്തും ശാസ്ത്രീയമായ അവബോധം വളര്‍ത്താനും നേതൃത്വം വഹിച്ച ശാസ്ത്രജ്ഞയാണ് ശോശാമ്മ ഐപ്പ്. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രൊജക്ടിന്റെയും (യു. എന്‍. ഇ. പി) അംഗീകാരം ലഭിച്ചു. നിലവിൽ മണ്ണുത്തിയില്‍ ഇന്ദിരാനഗറിലാണ് താമസം.
തമിഴ്‌നാട്ടിലെ കൂനുരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ആദ്യ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് അവാര്‍ഡ്. പ്രഭാ അത്രെ (കല), രാധേശ്യാം ഖെംക( സാഹിത്യം), കല്യാണ്‍ സിങ് ( പൊതുപ്രവര്‍ത്തനം) എന്നിവരാണ് പത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ച മറ്റു മൂന്ന് പേര്‍. സിവിലിയന്‍മാര്‍ക്ക് നല്‍കുന്ന രണ്ടാമത്തെ പരമോന്നത പുരസ്‌കാരമാണ് പത്മവിഭൂഷണ്‍.
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും അടക്കം 17 പേർക്ക് പദ്മഭൂഷൺ പുരസ്കാരങ്ങളുണ്ട്. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത്. നജ്മ അക്തർ, സോനു നിഗം എന്നിവർക്കും പദ്മശ്രീ ലഭിച്ചിട്ടുണ്ട്.