ന്യൂഡൽഹി: ജനങ്ങളെ ഒരുചരടിൽ കോർക്കുന്ന ഭാരതീയരുടെ പ്രതിഫലനമാണ് റിപ്പബ്ലിക് ദിനമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. നമ്മുടെ ജനാധിപത്യത്തിന്റെ നാനാത്വവും ഊർജ്ജവും ലോകം മുഴുവൻ അഭിനന്ദിക്കുന്നതാണ്. ഈ അവസരത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാമെന്ന് രാഷ്‌ട്രപതി പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ബി.ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്ത് ഭരണഘടനയുടെ അന്തസത്ത നാം കാത്തുസൂക്ഷിക്കണം. ഏറ്റവും കഠിനമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ലോകമെമ്പാടും കൊവിഡ് ഭീതിവിതച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒറ്റക്കെട്ടായി അതിനെ നേരിടണമെന്നും രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.
കോവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണം. കൊറോണയുമായുള്ള യുദ്ധം രാജ്യം ഇപ്പോഴും തുടരുകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും രാഷ്ട്രപതി പറഞ്ഞു.
നമ്മുടെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് രാഷ്ട്രത്തിന്റെ അഭിമാനം ഉയര്‍ത്തുന്നത്. ഹിമാലയത്തിലെ അസഹ്യമായ തണുപ്പിലും മരുഭൂമിയിലെ അസഹനീയമായ ചൂടിലും കുടുംബത്തില്‍ നിന്ന് അകന്ന് അവര്‍ മാതൃരാജ്യത്തിന് കാവല്‍ തുടരുന്നു. അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്ന സായുധ സേനയുടെയും ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നിരന്തരമായ ജാഗ്രത മൂലമാണ് നമ്മുടെ പൗരന്മാര്‍ സമാധാന ജീവിതം ആസ്വദിക്കുന്നത്.
ധീരനായ ഒരു സൈനികന്‍ ഡ്യൂട്ടിക്കിടെ വീരമൃത്യുവരിക്കുമ്പോള്‍ രാജ്യം മുഴുവന്‍ ദുഃഖത്തിലാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ മാസം, നിര്‍ഭാഗ്യകരമായ ഒരു അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിനേയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി ധീരരായ സൈനികരെയും നമുക്ക് നഷ്ടപ്പെട്ടു. ദാരുണമായ നഷ്ടത്തില്‍ രാജ്യം മുഴുവന്‍ ദുഃഖത്തിലാണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10.30യ്ക്കാണ് റിപ്പബ്ലിക് ദിന ചടുകള്‍ ആരംഭിക്കുക. പരേഡില്‍ 99 പേരായിരിക്കും പങ്കെടുക്കുക. ഇത്തവണ 5000 മുതല്‍ 8000 വരെ കാണികളെയാണ് പങ്കെടുപ്പിക്കുക.