ന്യൂഡല്‍ഹി: 2022ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് പത്മ വിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൺ അവാര്‍ഡ്. പ്രഭാ അത്രെ (കല), രാധേശ്യാം ഖെംക( സാഹിത്യം), കല്യാണ്‍ സിംഗ് (പൊതുപ്രവര്‍ത്തനം) എന്നിവർക്കും പത്മവിഭൂഷണ്‍ ലഭിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പെടെ 17 പേർ പത്മഭൂഷണിന് അര്‍ഹരായി. മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യം നദല്ല, സൈറസ് പൂനാവാല തുടങ്ങിയവര്‍ക്കാണ് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്.
കേരളത്തില്‍ നിന്നു നാല് പേര് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി. ശങ്കരനാരായണമേനോന് ചുണ്ടയില്‍ (സ്പോര്‍ട്സ് ) , ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണവിഭാഗം ), പി.നാരായണ കുറുപ്പ് (സാഹിത്യം), കെ.വി. റാബിയ (സാമൂഹ്യ പ്രവര്‍ത്തക ) തുടങ്ങിയവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
അത്ലിറ്റ് നീരജ് ചോപ്ര, ഗായകൻ സോനു നിഗം എന്നിവരടക്കം 107 പേർക്കാണ് പത്മശ്രീ അവാർഡ് ലഭിച്ചത്.