തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. പ്രതിദിന കോവിഡ് കേസുകള്‍ അര ലക്ഷം കവിഞ്ഞുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി.
ഐസിയും വെന്റിലേറ്ററുമെല്ലാം ആവശ്യത്തിന് ഒഴിവുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മൂന്നു ശതമാനത്തോളം ആളുകള്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. 20-30 വയസ്സിന് ഇടയിലാണ് രോഗം വ്യാപിക്കുന്നത്.
നിലവില്‍ കൊവിഡ് തീവ്രവ്യാപനം തുടരുകയാണ്. എല്ലാ മെഡിക്കല്‍ കോളജുകളിലും കണ്ട്രോള് റൂമുകള്‍ ആരംഭിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 4,917 പേരെ അധികമായി നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഐസിയു ബെഡുകളില്‍ കൊവിഡും നോണ്‍ കൊവിഡും കൂടി 42.7ശതമാനമാണ്. 57 ശതമാനത്തോളം ഐസിയു ഒഴിവുണ്ട്. 86 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ട്. ഓക്സിജന്‍ കിടക്കകളുടെ കാര്യത്തിലും ഉപയോഗം കുറവുണ്ട്. 15, 16, 17 വയസുള്ളവരുടെ കൊവിഡ് വാക്സിനേഷന് 68% വിതരണം ചെയ്തു. സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറവായതിനാല്‍ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് കൂടുതല്‍ വാക്സിനേഷന് സെക്ഷനുകള്‍ നടത്താന്‍ കാമ്പെയിന് ആലോചിക്കുന്നുണ്ട്.
18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് 84% പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയുടെ പ്രത്യേക അവലോകന യോഗം ചേര്‍ന്നിരുന്നു. എടുക്കേണ്ട തുടര്‍ നടപടികളും യോഗത്തില്‍ വിലയിരുത്തി. തിരുവനന്തപുരം കഴിഞ്ഞാല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് രോഗവ്യാപനം കൂടുതലുള്ളത്. ഇവിടങ്ങളിലെ സാഹചര്യം വിലയിരുത്തിയും യോഗം നടക്കുന്നുണ്ട്. നിലവില്‍ 20നും 30നും ഇടയിലുള്ളവര്‍ക്കാണ് രോഗവ്യാപനം കൂടുതലായി കാണുന്നത്.
അതേസമയം കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന് സംഘടിപ്പിക്കാനൊരുങ്ങുന്നു. കൊവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കൊവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനാണ് ക്യാമ്പയിന് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാവരും ഇതില്‍ പങ്കെടുത്ത് ഈ ക്യാമ്പയിന് വിജയിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 49.4 ശതമാനമാണ് ടിപിആർ നിരക്ക്. 20-30 പ്രായമുള്ളവരിലാണ് കോവിഡ് വ്യാപനം കൂടുതലായി കാണുന്നത്.
70 മരണങ്ങൾ കൂടി കോവിഡ് ബാധിച്ചാണ് സ്ഥിരീകരിച്ചു. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി.
എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,124 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,342 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1387 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 2,85,365 കോവിഡ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 51,547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3373 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 506 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,226 പേര് രോഗമുക്തി നേടി. ജനുവരി 18 മുതല്‍ 24 വരെയുള്ള കാലയളവില്‍, ശരാശരി 2,15,059 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.