തിരുവനന്തപുരം: ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുന്‍ അഡ്വക്കേറ്റ് ജനറല്‍ നല്കിയ നിയമോപദേശം അനുസരിച്ചാണ് സര്‍ക്കാര്‍ നിയമഭേദഗതിക്കുള്ള തീരുമാനമെടുത്തതെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ലോകായുക്ത വിചാരിച്ചാല്‍ ഒരു സര്‍ക്കാരിനെ തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ട്. ഇതിനെതിരേ അപ്പീല്‍ നല്‍കാനുള്ള അധികാരം പോലും ഇവിടെയില്ല. മറ്റു സംസ്ഥാനങ്ങളിലും ഈ രീതിയില്‍ നിയമം നിലവിലുണ്ട്. അവിടങ്ങളിലെ അനുഭവം കൂടി പരിശോധിച്ച് ചില മാറ്റം വേണമെന്ന് മുന്‍ അഡ്വക്കേറ്റ് ജനറല്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നും കോടിയേരി വിശദീകരിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരേ ഉയർന്ന പരാതി മൂലമാണ് ഭേദഗതി നിർദ്ദേശിച്ചതെന്ന ആരോപണം അദ്ദേഹം തള്ളി. മന്ത്രി ബിന്ദുവിനെതിരേ ഉയർന്ന പരാതിക്ക് മുൻപ് തന്നെ പഴയ അഡ്വക്കേറ്റ് ജനറൽ ഇത്തരമൊരു നിയമോപദേശം സമർപ്പിച്ചിരുന്നു.
ഓർഡിനൻസ് കൊണ്ടുവരാൻ പ്രതിപക്ഷ നേതാവിനോട് ആലോചിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഓർഡിനൻസ് ഇറക്കുമ്പോൾ പ്രതിപക്ഷത്തോട് ആലോചിച്ച ചരിത്രമില്ല. സഭയിൽ ബില്ലായി വരുമ്പോൾ പ്രതിപക്ഷത്തിന് അഭിപ്രായം രേഖപ്പെടുത്താം. നിയമഭേദഗതിയോട് എൽ ഡി എഫിൽ എല്ലാവർക്കും ഒരേ അഭിപ്രായമെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
സിപിഐഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനം മാറ്റാൻ നിലവിൽ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കും. സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റിവെക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സമൂഹ തിരുവാതിരയെ പാർട്ടി നേതൃത്വം മുൻപ് തന്നെ തള്ളിപ്പറഞ്ഞതാണ്. തിരുവാതിരയ്ക്ക് ഉപയോഗിച്ച മുഖ്യമന്ത്രിയെ പുകഴ്ത്തിയ ഗാനം നേതൃത്വത്തിന്റെ അറിവോടെയല്ല.
പി.ജയരാജന്റെ വ്യക്തിപൂജ പ്രശ്നവും തിരുവാതിര ഗാനവും രണ്ടാണെന്നും ജയരാജൻ വ്യക്തിപൂജയെ തള്ളിപ്പറഞ്ഞില്ല എന്നതാണ് നടപടിക്ക് കാരണമായതെന്നും കോടിയേരി വ്യക്തമാക്കി.