മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ പതിനാറുകാരിയാണ് ഒരുവര്‍ഷം മുമ്പ് വിവാഹിതയായത്. വണ്ടൂര്‍ സ്വദേശിയായ ബന്ധുവാണ് ഒരുവര്‍ഷം മുമ്പ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. 6 മാസം ഗർഭിണിയായ പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട് പോലീസിനെയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വിവാഹം നടന്ന കാര്യം അധികൃതരോ മറ്റോ അറിഞ്ഞിരുന്നില്ല. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ല ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചു. സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയെ വിവാഹം ചെയ്ത വണ്ടൂര്‍ സ്വദേശിക്കെതിരേ ശൈശവവിവാഹ നിരോധന നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുക്കുമെന്നാണ് പോലീസ് നല്‍കുന്നവിവരം. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങൾ സിഡബ്ലൂസി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു.