ഇസ്‌താംബുൾ: യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇസ്‌താംബുൾ എയർപോർട്ടിന്റെ പ്രവർത്തനം കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തെ അപൂർവമായ മഞ്ഞുവീഴ്ചയിൽ നിലച്ചു. കടുത്ത മഞ്ഞുവീഴ്ചയിൽ ഏതൻസിലെ സ്കൂളുകളും വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചതായും അധികൃതർ അറിയിച്ചു. കനത്ത ഇരുട്ടും ഗതാഗതകുരുക്കും പ്രദേശത്ത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.ശക്തമായ മഞ്ഞുവീഴ്ചയിൽ ഇസ്‌താംബുൾ വിമാനത്താവളത്തിലെ കാർഗോ ടെർമിനലിന്റെ മേൽക്കൂര ഇടിഞ്ഞുവീണതിനെ തുടർന്നാണ് വിമാനത്താവളം അടച്ചിരിക്കുന്നത്.
അപകടത്തിൽ ആളപായമില്ല. ഇസ്‌താംബുളിലെ അറ്റാതുർക്ക് വിമാനത്താവളത്തിന് പകരക്കാരനായി പ്രവർത്തിച്ചുതുടങ്ങിയതിന് ശേഷം ആദ്യമായാണ് ഈ വിമാനത്താവളം അടയ്ക്കുന്നത്. കഴിഞ്ഞ വർഷം മാത്രമായി ഇസ്‌താംബുൾ വിമാനത്താവളത്തിൽ നിന്ന് 37 ദശലക്ഷം യാത്രക്കാരാണ് മറ്റ് സ്ഥലങ്ങളിലേയ്ക്ക് പറന്നത്. ലോകത്തിലെ തന്നെ പ്രധാന വിമാനത്താവളങ്ങളിൽ ഒന്നുകൂടിയാണ് ഇസ്‌താംബുൾ എയർപോർട്ട്.