തൃശൂർ: മഹീന്ദ്രാ കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നൽകിയ ഥാർ ജീപ്പ് ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജി ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും. ലേല നടപടികൾ ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് നടത്തിയത് എന്നാണ് ആരോപണം. 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തിൽ പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദാലി വാഹനം സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം ഡിസംബർ 18നാണ് ലേലം നടന്നത്. ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ദേവസ്വം ബോർഡ് പിന്നീട് യോഗം ചേർന്ന് അംഗീകാരം നൽകി ദേവസ്വം കമ്മീഷറുടെ അനുമതിക്കായി അയച്ചു. എന്നാൽ അയ്യായിരം രൂപയിൽ കൂടുതലുളള ഏതു വസ്തു വിൽക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹർജിയിലെ ആരോപണം.
നേരത്തെ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ഥാർ ലേലത്തിന് വച്ചപ്പോൾ വലിയ പ്രതികരണമുണ്ടാക്കും എന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്. ഖത്തറിൽ വ്യവസായിയായ അമൽ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്‍റെ പ്രതിനിധി മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്.
ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂർ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോൾ പതിനായിരം രൂപ അമലിന്‍റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാൻ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഗുരുവായൂർ ക്ഷേത്രഭരണസമിതി ലേലം നടപടി ശരിവച്ചതോടെയാണ് അമലിന് വാഹനം ലഭിച്ചത്. അഞ്ച് ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും പങ്കെടുത്ത ക്ഷേത്രഭരണസമിതിയുടെ യോഗം ലേലം സാധുവാക്കി വാഹനം വിട്ടു കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ലേലം പിടിച്ച അമൽ മുഹമ്മദലിക്ക് ഗുരുവായൂർ ദേവസ്വം ബോർഡ് ഇതുവരെ വാഹനം കൈമാറിയില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷണറാണെന്ന് ചെയർമാൻ പറഞ്ഞിരുന്നു. ദേവസ്വം കമ്മീഷണർക്ക് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് അനുമതി വൈകുന്നത്. ഥാർ അമൽ മുഹമ്മദലിക്ക് തന്നെ കൈമാറുമെന്ന് ഡിസംബർ 21ന് തീരുമാനമെടുത്തതായിരുന്നു. ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗത്തിലായിരുന്നു തീരുമാനം.