കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന നിലപാടിലുറച്ച് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിൽ പ്രതികൾ ആസൂത്രിതമായി കളവ് പറയുന്നെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ് പ്രതികൾ മൊഴിയായി നൽകുന്നത്. ഗൂഢാലോചന തുറന്നു പറഞ്ഞ കുറ്റാരോപിതനെ മറ്റ് പ്രതികൾ സമ്മർദ്ദത്തിലാക്കിയെന്നും പോലീസ് വിശദീകരിച്ചു.
അതേസമയം സംവിധായകൻ റാഫിയെ വിളിച്ചുവരുത്തിയത് ദിലീപിന്റെ ശബ്ദം തിരിച്ചറിയാന്‍. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു പ്രതികളുടെ ശബ്ദം തിരിച്ചറിയാന്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളെ ഇന്ന് വിളിച്ചു വരുത്തും. എസ് പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേൾപ്പിച്ചിരുന്നു. ഇവരുടെ ശബ്ദം തന്നെയാണോ ഇതിലുള്ളതെന്നും ആരാഞ്ഞു. ഇതിനുശേഷമാണ് തിരിച്ചറിയാൻ അതുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്.
ബാലചന്ദ്ര കുമാറിനെ വിളിച്ചുവരുത്താത്തത് സാക്ഷിയുടെ സംരക്ഷണം ഉദ്ദേശിച്ചാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പ്രതികള്‍ക്ക് മുന്നില്‍ ബാലചന്ദ്ര കുമാറിനെ ഇരുത്തുന്നത് ശരിയാകില്ല. ഹൈക്കോടതി വിധിക്ക് ശേഷം ബാലചന്ദ്ര കുമാറിനെ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ന് പരാതിക്കാരനായ സംവിധായകൻ ബാലചന്ദ്ര കുമാറിനെ കൂടി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നേരത്തെ ഉദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതൽ സമയം തേടിയുള്ള പ്രോസിക്യൂഷൻ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇപ്പോൾ നടക്കുന്ന തുടരന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടിവയ്ക്കണം എന്നാണ് ആവശ്യം. ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള 5 പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.
അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുകയാണെന്നും തുടരന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നടപടികൾ നിർത്തി വയ്ക്കുന്നതാണ് നീതിയുക്തമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്. സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവിട്ടത്.