തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനെതിരെ വിധിയുണ്ടാകുമെന്ന് സര്‍ക്കാരിന് പേടിയെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതാണ് ലോകായുക്തയുടെ പല്ല് പറിക്കാന്‍ കാരണം. മുഖ്യമന്ത്രി ഓണ്‍ലൈനിലിരുന്ന് തീരുമാനിക്കാന്‍ മാത്രം എന്താണിത്ര ദുരൂഹത? ലോകായ്കുതയുടെ അധികാരം കവരുന്ന ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ച പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സർക്കാർ നീക്കം. ഇത് നിയമ പ്രശ്നത്തിലേക്ക് വഴിവയ്ക്കും. ഇതിനേക്കാൾ ഭേദം ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി ചെയ്യേണ്ടത്. ലോകായുക്തയുടെ അധികാരം കവർന്നുകൊണ്ടുള്ള ഈ ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇടതുമുന്നണി അറിയാതെയാണ് തീരുമാനം എന്നാണ് വിശ്വാസം. ഏത് മുൻ ജഡ്ജിയെയും നിയമിക്കാമെന്നും പുതിയ ഓർഡിനൻസ് പറയുന്നു. ഈ വിഷയത്തിൽ സിപിഎം മറുപടി പറയണം. കഴിഞ്ഞ മന്ത്രിസഭാ യോഗം ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനുള്ള ഓർഡിനൻസ് കൊണ്ടുവന്നു. എന്നാൽ ഇക്കാര്യം മന്ത്രിസഭാ തീരുമാനത്തെക്കുറിച്ചുള്ള വാർത്താക്കുറിപ്പിലും ഉൾപ്പെടുത്തിയില്ല.
അടുത്ത മാസം നിയമസഭ ചേരാനിരിക്കെ മുഖ്യമന്ത്രി വിദേശത്തായിരിക്കെ ഇത്രയും സുപ്രധാന കാര്യം ഓർഡിനൻസ് ഇറക്കാൻ എങ്ങനെ ധൈര്യം വന്നുയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിനെതിരെ മുഖ്യമന്ത്രിക്കെതിരേയും കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിനെതിരെയുമുള്ള ഹർജിയും ലോകായുക്ത പരിഗണനയിൽ ഇരിക്കെയുള്ള ഈ നടപടി തിരിച്ചടി ഭയന്നിട്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.