റിയാദ്: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ മാസം 23 മുതല്‍ 29 വരെ ലുലു ഹൈപര്‍മാര്‍ക്കറ്റ് ‘ഇന്ത്യ ഉത്സവ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന വാരാഘോഷത്തിന് തുടക്കം. മുറബ്ബയിലെ റിയാദ് അവന്യൂ മാളില്‍ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍, ലുലുവിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് വാരാഘോഷം ഉദ്ഘാടനം ചെയ്തു.ജിദ്ദ മേഖലയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മൊഹമ്മദ് ഷാഹിദ് ആലം ഷോപ്പിങ് മേള ഉദ്ഘാടനം ചെയ്തു.
സൗദിയിലുടനീളമുള്ള എല്ലാ ലുലു സ്റ്റോറുകളിലും ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.വര്‍ണാഭമായ ഷോപ്പിങ് ഉത്സവമായ പരിപാടിയിൽ ഇന്ത്യയുടെ മനോഹരമായ തനത് ഫാഷനുകളും രാജ്യത്തെ വ്യത്യസ്ത പ്രാദേശിക പാചകരീതികളും പ്രദര്‍ശിപ്പിക്കുന്നതാണ്. ആഗോള തലത്തില്‍ വേരുകളുള്ള ഒരു ഇന്ത്യന്‍ വ്യവസായ ഭീമനായ ലുലു ഗ്രൂപ്പ് ഇന്ത്യയ്ക്കും സൗദി അറേബ്യക്കുമിടയില്‍ ഒരു പാലമായി മാറുകയാണെന്ന് അംബാസഡര്‍ പറഞ്ഞു.
ഈ മേഖലയില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഗ്രൂപ്പ് വലിയ പങ്കുവഹിച്ചു. ഇന്ത്യന്‍ കര്‍ഷകര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും നല്ല അവസരങ്ങള്‍ ഒരുക്കി. ലുലു ഗ്രൂപ്പ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു എന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത് പ്രാദേശിക ജനങ്ങള്‍ക്കിടയില്‍ ഗ്രൂപ്പിന്‍റെ ജനപ്രീതിയുടെ സൂചനയാണെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ പഴങ്ങളും പച്ചക്കറികളും മുതല്‍ മാംസവും സാരിയും ചുരിദാറുകളും പോലുള്ള പരമ്പരാഗത വസ്ത്രങ്ങളും ആയി വിവിധ വിഭാഗങ്ങളിലായി 7,000-ത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഷോപ്പിങ് മേളയില്‍ അണിനിരന്നിട്ടുണ്ട്. മാത്രമല്ല, ബിരിയാണികള്‍ മുതല്‍ വിവിധയിനം കറികള്‍ വരെ, ജനപ്രിയ തെരുവ് ഭക്ഷണങ്ങള്‍, പരമ്പരാഗത മധുരപലഹാരങ്ങള്‍, കൂടാതെ മറ്റ് പല പലഹാരങ്ങള്‍ എന്നിവയും ചൂടുള്ള ഭക്ഷണങ്ങളുടെ ഒരു വലിയ ശ്രേണിയും മേളയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതാണ്. ഇതുപോലൊരു ഉത്സവത്തിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ തനത് സൗന്ദര്യവും വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്നതില്‍ തങ്ങള്‍ എന്നും അഭിമാനിക്കുന്നതായി ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് പറഞ്ഞു.