തിരുവനന്തപുരം: കൊടുമൺ ആക്രമണത്തെ അപലപിച്ച് സിപിഐ മുഖപത്രം. അക്രമ രാഷ്ട്രീയത്തിൻ്റെ അനുഭവ പഠനങ്ങൾ വിസ്മരിക്കരുതെന്ന് സിപിഎമ്മിനോട് സിപിഐ നിർദേശിച്ചു. അക്രമം കൊണ്ടും സർവാധിപത്യ പ്രവണത കൊണ്ടും നിയന്ത്രിച്ച് നിർത്താമെന്ന് കരുതരുതെന്നും സിപിഐ മുഖപത്രം.
സംഘര്‍ഷം അക്രമത്തിലേക്ക് തിരിയുന്നതും അക്രമസംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ആക്രമണകാരികള്‍ തന്നെ പ്രചരിപ്പിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനത്തിൻ്റെ തലത്തില്‍ നിന്നും ക്രിമിനല്‍ ഗുണ്ടാ പ്രവര്‍ത്തനമായി തരംതാഴുന്നതാണ്. ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി ഗുണ്ടാരാജ് ഉറപ്പിക്കാനുള്ള കുതന്ത്രത്തിൻ്റെ ഭാഗമാണത്.
പശുവിൻ്റെ പേരിലും മതത്തിൻ്റെ പേരിലും ലൗജിഹാദിൻ്റെ പേരിലുമുണ്ടായ അക്രമസംഭവങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തു പോന്ന ഒരു ജനാധിപത്യ സംഘടനയുടെ ലേബലിലാണ് കൊടുമണ്‍ വീഡിയോ നിര്‍മ്മിച്ചതും പ്രചരിപ്പിച്ചതുമെന്നത് കേരളത്തിലെ ഇടതുപക്ഷ‑ജനാധിപത്യ ചേതനയെ ഞെട്ടിപ്പിക്കുന്നതാണ്.
ജനാധിപത്യത്തിൻ്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സിപിഐ പ്രാദേശിക നേതാക്കള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. അക്രമങ്ങളെ അപലപിക്കാന്‍ ആ സംഘടന മുതിരാത്തിടത്തോളം അവര്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നു എന്നുവേണം കരുതാന്‍.
അക്രമങ്ങള്‍കൊണ്ടും സര്‍വാധിപത്യ പ്രവണതകള്‍കൊണ്ടും എല്ലാക്കാലത്തും എല്ലാവരെയും നിയന്ത്രിച്ചു നിര്‍ത്താമെന്ന വ്യാമോഹം അസ്ഥാനത്താണെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞേ മതിയാവൂ. അക്രമങ്ങളും ജനാധിപത്യ വിരുദ്ധ പ്രവണതകളും നല്കിയ പാഠങ്ങള്‍ തിരിച്ചറിയാനും തിരുത്താനും വൈകുന്നതിന് വലിയ വില നല്‌കേണ്ടിവരുമെന്നും എഡിറ്റോറിയൽ ഓർമ്മിപ്പിക്കുന്നു.
പത്തനംതിട്ട കൊടുമണ്‍ അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കവും സംഘര്‍ഷവും ദിവസങ്ങൾക്ക് മുൻപ് വാർത്തയായിരുന്നു. എന്നാൽ ആ സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. സിപിഐക്കാരെ ഉടുമുണ്ടുരിഞ്ഞ് നടുറോഡിലിട്ട് ചവിട്ടുന്ന സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
സിപിഎം-സിപിഐ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണ് കൊടുമണ്‍, അങ്ങാടിക്കല്‍ മേഖല. സിപിഐ പ്രവര്‍ത്തകരായ രണ്ടുപേരെ പത്തിലധികം വരുന്ന ആളുകളാണ് വളഞ്ഞിട്ട് ആക്രമിച്ചത്. നിലത്തുവീണ ഒരു പ്രവര്‍ത്തകനെ വീണ്ടും മുഖത്തിനും നെഞ്ചിനും വയറിനും ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.