തിരുവനന്തപുരം: കാറ്റഗറി അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിലായി.
ജില്ലയിൽ ഒരുതരത്തിലുള്ള ആൾക്കൂട്ടവും പാടില്ലെന്നാണ് നിർദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാനവർഷമൊഴികെ എല്ലാ ക്ലാസുകളും ഓൺലൈനാക്കും. ട്യൂഷൻ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.
അതേസമയം മാളും ബാറും അടക്കാതെ തിയേറ്റർ അടക്കുന്നതിൽ തിയേറ്റർ ഉടമകളുടെ സംഘടനായായ ഫിയോക് കടുത്ത എതിർപ്പുയർത്തിയിട്ടുണ്ട്. ജില്ലയിലെ തിയേറ്ററിൽ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂർ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാർ പറഞ്ഞു. ജില്ലയിൽ വെള്ളിയാഴ്ച്ച തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരടക്കം യോഗത്തിൽ പങ്കെടുക്കും. ശേഷമാകും കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപിച്ച് നിയന്ത്രണം ശക്തമാക്കാനാണ് നിലവിലെ നിർദേശം.
കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിച്ചവരുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റഗറിയിൽ. ഇവിടെയും നിയന്ത്രണങ്ങൾ കർശനമാണ്. വിവാഹം, മരണാന്തര ചടങ്ങുകൾക്ക് 20 പേർ മാത്രമേ പങ്കെടുക്കാവൂ. കാറ്റഗറി–എ യിൽ കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പൊതുപരിപാടികൾ, വിവാഹം, മരണാന്തര ചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് ഇവിടെ അനുവാദമുണ്ട്. കാസർഗോഡ്, കോഴിക്കോട് ജില്ലകൾ ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ഉയർന്നടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 47.72 ശതമാനമാണ് ഇന്നലത്തെ ടിപിആർ. അതിനിടെ സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് സൂചന നൽകി.കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ റാന്റം പരിശോധനയിൽ 90 ശതമാനവും ഒമിക്രോൺ കേസുകളാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.