കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പുകൾ മാറ്റി. എറണാകുളം, തൃശൂർ ജില്ലകളിലെ സിഡിഎസ് തെരഞ്ഞെടുപ്പുകളാണ് മാറ്റിയത്. കോവിഡ് വ്യാപന നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളവും തൃശൂരും ബി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റാൻ തീരുമാനിച്ചത്.
കുടുംബശ്രീ സിഡിഎസുകളിലേക്ക് ഇന്ന് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് മാറ്റിയതായി എറണാകുളം, തൃശൂർ ജില്ലാ കലക്ടർമാർ ഔദ്യോഗികമായി അറിയിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കോവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. ജില്ലയെ കോവിഡ് ‘സി’ കാറ്റഗറിയിൽ ഉൾപെടുത്തി. സി കാറ്റഗറിയിൽ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. എട്ട് ജില്ലകളെ ബി കാറ്റഗറിയിലും ഉൾപ്പെടുത്തി. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട്, ഇടുക്കി പാലക്കാട് ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റഗറിയിലുള്ളത്. ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.