മകൾ വാമികയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിച്ച് വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ വാമികയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചിത്രങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. ഇതിനെതിരെയാണ് ഇരുവരും രംഗത്തെത്തിയത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം മത്സരത്തിനിടെ അനുഷ്കയുടെയും മകളുടെയും ചിത്രം സമൂഹിക മാധ്യമങ്ങളിൽ വൈറലായി. കോഹ്ലി അർധസെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് ചാനൽ ക്യാമറകൾ അനുഷ്ക ശർമയുടെ നേരെ തിരിഞ്ഞത്. വീഡിയോ ഇന്റർനെറ്റിൽ വൈറലാകുകയും ‘വാമിക’ ട്വിറ്ററിൽ ട്രെൻഡിങ്ങാകുകയും ചെയ്തു. ഇതിനിടെ വാമികയുടെ ചിത്രം സ്ക്രീൻ ഷോട്ട് എടുത്ത് ഒരാൾ ട്വിറ്റർ അക്കൗണ്ട് വഴി പ്രചരിപ്പിച്ചു.
‘വാമിക ഇന്ന് ട്രെൻഡിങ്ങിൽ വരും, 71ാം സെഞ്ച്വറി അടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കിങ് കോഹ്ലി അത് തന്റെ ഭാഗ്യവതിയായ വാമികയ്ക്ക് സമർപ്പിക്കും’ -ചിത്രത്തിനൊപ്പം ട്വിറ്റർ ഉപയോക്താവ് കുറിച്ചു.
“ഞങ്ങളുടെ മകളുടെ ചിത്രങ്ങൾ സ്റ്റേഡിയത്തിൽ വച്ച് പകർത്തുകയും അത് പിന്നീട് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്‌തെന്ന് മനസ്സിലാക്കുന്നു. ഞങ്ങൾക്ക് നേരെയാണ് ക്യാമറ എന്ന് അറിഞ്ഞിരുന്നില്ല, പ്രതീക്ഷിക്കാതെയാണ് അത് സംഭവിച്ചത്. ഞങ്ങൾ മുമ്പ് പറഞ്ഞിട്ടുള്ള കാരണങ്ങൾ കൊണ്ടുതന്നെ വാമികയുടെ ചിത്രങ്ങൾ പകർത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്. നന്ദി”, എന്ന് ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചു.
അവളുടെ സ്വകാര്യതയെ മാനിക്കുന്ന കൊണ്ടാണ് ചിത്രങ്ങൾ പങ്കുവെക്കാത്തതെന്നാണ് സെലിബ്രിറ്റി കപ്പിൾസ് ഇതിന് വിശദീകരണമായി പറഞ്ഞത്. മകൾ സോഷ്യൽ മീഡിയ എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുകയും അവളുടേതായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നതുവരെ അവളെ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കില്ലെന്നാണ് താരദമ്പതികളുടെ തീരുമാനം.
സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രം പങ്കുവെച്ചതിനെ വിമർശിച്ചും, കൈയ്യടിച്ചും നിരവധി പ്രതികരണങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. അവരുടെ സ്വകാര്യതയെ മാനിച്ച് ചിത്രം ഇന്‍റർനെറ്റിൽ നിന്നും നീക്കം ചെയ്യണമെന്ന് ഒരു വിഭാഗം കോഹ്‌ലി ആരാധകർ ആവശ്യപ്പെടുമ്പോൾ മകളുടെ മുഖം കാണിക്കേണ്ടതില്ലെങ്കിൽ അനുഷ്‌ക എന്തിനാണ് വാമികയെ ക്യാമറയ്ക്ക് മുൻപിൽ കൊണ്ട് വന്നതെന്ന് മറ്റൊരു വിഭാഗം ചോദിക്കുന്നു.