ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തു മൂല്യമുള്ള സ്വര്‍ണ്ണ ആഭരണങ്ങള്‍ ഉരുക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും സംബന്ധിച്ച് നേരത്തെ എടുത്ത കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ക്ഷേത്രത്തിലെ ആഭരണങ്ങള്‍ ഉള്‍പ്പടെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും കണക്കെടുക്കാന്‍ സുപ്രീം കോടതി നേരത്തെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണക്കെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ രജിസ്ട്രാര്‍ ജനറല്‍ കോടതിക്ക് കൈമാറി.
എന്നാല്‍ കണക്കെടുപ്പിന്റെ സമയത്ത് പുരാവസ്തുക്കളും, ആഭരണങ്ങളും അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നുയെന്ന് കൊച്ചിന്‍ രാജ കുടുംബ പ്രതിനിധിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
മുന്‍പ് നടത്തിയ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ കൊച്ചിന്‍ ദേവസ്വം ഹാജരാക്കുന്നില്ലന്നും രാജകുടുംബം ആരോപിച്ചു. മുന്‍കാല റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നിലവില്‍ എത്ര നഷ്ടമുണ്ടായി എന്ന കാര്യം മനസിലാക്കാന്‍ സാധിക്കൂയെന്ന് ജസ്റ്റിസ് മാരായ എം.ആര്‍.ഷാ, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ക്ഷേത്രത്തിലെ ആഭരണങ്ങളും പുരാവസ്തുക്കളും സുരക്ഷിതമാണെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി.വി.ദിനേശ് കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് നേരത്തെ പുരാതന നെറ്റിപ്പട്ടം ഉരുക്കിയതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. എന്നാല്‍ അത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. നിലവിലെ സര്‍ക്കാറിന് ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം സംരക്ഷിക്കണമെന്ന നിലപാടാണ് ഉള്ളതെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.
എന്നാല്‍ ക്ഷേത്രങ്ങളിലെയും മറ്റും പുരാവസ്തു മൂല്യമുള്ള സ്വര്‍ണ്ണം ഉരുക്കരുതെന്ന നിയമം ഗുജറാത്തില്‍ ഉണ്ടെന്ന് ജസ്റ്റിസ് എം.ആര്‍.ഷാ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ക്ഷേത്രത്തിലെ പുരാതന മൂല്യമുള്ള സ്വര്‍ണ്ണം ഉള്‍പ്പടെയുള്ള ആഭരണങ്ങള്‍ സംരക്ഷിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.