തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിന് താത്ക്കാലിക വിരാമം. വിവാദങ്ങള്‍ അവസാനിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും ചാന്‍സലറുടെ പദവി നിര്‍വ്വഹിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ സര്‍വകലാശാലയിലെ ഫയലുകള്‍ ഗവര്‍ണര്‍ നോക്കി തുടങ്ങി.
അമേരിക്കയിലേക്ക് ചികിത്സയക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി നടത്തിയ ഇടപെടലാണ് ഗവർണർ അയയാൻ കാരണമായത്. പ്രശ്നപരിഹാരത്തിന് വേണ്ടി, നാല് കത്തുകളാണ് മുഖ്യമന്ത്രി ഗവണർക്ക് നൽകിയത്. രണ്ട് തവണ അദ്ദേഹത്തെ ഫോണിൽ വിളിച്ചും പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെട്ടു. ഇതോടെയാണ് ഗവർണർ നിലപാട് മയപ്പെടുത്തിയത്.
ചാന്‍സലര്‍ പദവി താന്‍ ഒഴിയുകയാണെന്നും അത് മുഖ്യമന്ത്രി ഏറ്റെടുത്തു കൊള്ളാനും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം തുടക്കത്തിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. തുടര്‍ന്ന് സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനവും നടത്തി. ഇതിനിടയില്‍ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ചാന്‍സലറുടെ ശുപാര്‍ശ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പോലും ചേരാതെ തള്ളിക്കളഞ്ഞത് പോരിന്റെ ശക്തി കൂട്ടി.
രാഷ്ട്രീയ ഇടപെടുകളുണ്ടെന്നും അങ്ങനെയെങ്കിൽ ചാൻസിലറെന്ന നിലയിൽ പ്രവർത്തിക്കാനാകില്ലെന്നും അദ്ദേഹം നിലപാടെടുത്തു. ഇതിനിടെ ഗവർണർ രാഷ്ടീയം കളിക്കുന്നുവെന്ന വിമർശനുമായി പ്രതിപക്ഷനേതാവും രംഗത്തെത്തി. ഇതോടെ തർക്കം ഇടക്ക് പ്രതിപക്ഷം- ഗവർണ്ണർ എന്ന നിലയിലേക്കും മാറിയിരുന്നു.