തിരുവനന്തപുരം: ഒ.എല്‍.എക്സ് വഴി ജോലിക്ക് ആളുകളെ ആവശ്യമുണ്ടെന്നും മറ്റും വ്യാജ പരസ്യം ചെയ്ത് ആൾമാറാട്ടം നടത്തി സ്ത്രീകളുടെ സ്വർണ്ണാഭരണങ്ങളും പണവും മറ്റും കബളിപ്പിച്ച് കൈക്കലാക്കുന്ന പ്രതിയെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിൽ മുടവൂർപ്പാറ മണലിവിളാകത്ത് വീട്ടിൽ സതികുമാർ മകൻ സനിത് (30) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം നഗരത്തിൽ ടെലി കാളർ, ഓഫീസ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ ജോലികൾ ഓഫ്ഫർ ചെയ്ത് ആയതിലേക്ക് ബയോഡാറ്റയും ഫോൺ നമ്പറും അയച്ചുകൊടുക്കുന്ന ചെറുപ്പക്കാരായ സ്ത്രീകളെ വോയ്സ് ചെയ്ഞ്ച് ആപ്പ് വഴി സ്ത്രീകളുടെ ശബ്ദത്തിൽ ബന്ധപ്പെടുകയും അവരെ പ്രലോഭിപ്പിച്ച് മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തുകയും മൊബൈൽ നമ്പറുകൾ സംഘടിപ്പിച്ച് മറ്റുള്ളവരെയും ഇരയാക്കുന്നതാണ് തട്ടിപ്പിന്റെ രീതി.
സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോകൾ സംഘടിപ്പിച്ച് വാട്സാപ്പിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി ജോലി വാഗ്ദാനം ചെയ്യുകയും ജോലിക്ക് വേണ്ടി സ്ത്രീകളിൽ നിന്നും തുക ആവശ്യപ്പെടുകയും കാശ് ഇല്ലാത്തവരോട് ഏജന്റ് എന്ന വ്യാജേന മറ്റൊരു പേരിൽ പ്രതി തന്നെ നേരിട്ട് എത്തി സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയുമാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ഇത്തരത്തിൽ വ്യാജപരസ്യം കണ്ടു വിശ്വസിച്ച യുവതിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഏകദേശം 18 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തതായ പരാതി ലഭിച്ചതോടെയാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതും പ്രതിയെ വലയിലാക്കിയതും. വീട്ടുകാരുമായി ബന്ധപ്പെടാതെ പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കുന്ന പ്രതിയുടെ മൊബൈൽ നമ്പറുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിരവധി കേസുകളിൽ ഉൾപ്പെട്ട ഇയാൾ അറസ്റ്റിലായത്.