തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി. 10 ദിവസത്തേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല വ്യക്തമാക്കി.
കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർഥി സമർപ്പിച്ച ഹരജി പരിഗണച്ചാണ് കോടതിയുടെ ഉത്തരവ്. കൂടുതൽ കോളജുകൾ കോവിഡ് ക്ലസ്റ്ററുകളായി മാറുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കവുമായി സർവകലാശാല മുന്നോട്ടു പോയത്.
കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ ഒമ്പതാം ക്ലാസ് വരെ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. കോളജുകൾ അടയ്‌ക്കേണ്ടെന്നാണ് തീരുമാനം. എങ്കിലും കോവിഡ് പ്രതിരോധ മാർഗങ്ങൾ കർശനമായി പിന്തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ഇതെല്ലാം അവഗണിച്ചായിരുന്നു യൂണിയൻ തെരഞ്ഞെടുപ്പ് നടത്താനുള്ള സർവകലാശാല തീരുമാനം.