മുംബൈ: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മകൻ എസ് ശശി (67) അന്തരിച്ചു. ഇ.എം.എസിന്റെ ഇളയ മകനാണ്. മകൾ അപർണയുടെ മുംബയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചു.
ദേശാഭിമാനി ചീഫ് അക്കൗണ്ട്‌സ് മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്.
2000ൽ തൃശൂരിൽ ദേശാഭിമാനി യൂണിറ്റ് ആരംഭിച്ചതിനു ശേഷം തൃശൂരിലേക്ക് താമസം മാറ്റി. ഇ.എം.എസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം. സി.പി.എം ദേശാഭിമാനി മാനേജ്‌മെന്റ് ബ്രാഞ്ച് അംഗമായിരുന്നു.
ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ.എസ്. ഗിരിജയാണ് ഭാര്യ. മക്കൾ: അനുപമ ശശി (തോഷിബ, ഡൽഹി), അപർണ ശശി (ടി.സി.എസ്, മുംബയ് ). മരുമക്കൾ: എ.എം. ജിഗീഷ് (ദി ഹിന്ദു, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ഡൽഹി), രാജേഷ് ജെ വർമ (ഗോദ്‌റേജ് കമ്പനി മെക്കാനിക്കൽ എൻജിനിയർ, മുംബയ് ). പരേതയായ ആര്യ അന്തര്‍ജനമാണ് അമ്മ. ഡോ. മാലതി, പരേതനായ ഇ.എം. ശ്രീധരന്‍, ഇ.എം. രാധ (വനിതാ കമ്മീഷന്‍ അംഗം) എന്നിവരാണ് സഹോദരങ്ങള്‍.