കോഴിക്കോട്: എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പു സംബന്ധിച്ച് ഹൈക്കോടതി വിധി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ശ്രീനാരായണ ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ. പ്രാതിനിധ്യ വോട്ടിങ് റദ്ദാക്കിയ ഹൈക്കോടതി വിധി വെള്ളാപ്പള്ളിക്ക് ഏറ്റ കനത്ത തിരിച്ചടിയെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.
ശ്രീനാരായണീയർക്കു സന്തോഷം നൽകുന്ന വിധിയാണ് ഇന്ന് ഉണ്ടായത്. സ്വാതന്ത്ര്യം കിട്ടിയ സന്തോഷമാണ് എല്ലാവർക്കും. ഭരിക്കുന്നവർക്കെതിരെ അഭിപ്രായം പറയുന്നവരെ പിരിച്ചുവിടുന്ന അവസ്ഥയാണ്. വെള്ളാപ്പള്ളി നടേശൻ തന്റെ അധികാരത്തിലമർത്തിക്കൊണ്ടാണ് ഇത്രയും കാലം ഭരണം നടത്തിയത്. അതാണു വിധിയിലൂടെ തകിടം മറഞ്ഞത്. വെള്ളാപ്പള്ളിക്ക് ഈ വിധി തിരിച്ചടിയാണെന്നും മേൽക്കോടതിയിൽ പോയാലും അനുകൂല വിധി നേടാനാവില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
ഇത്രയും കാലം വെള്ളാപ്പള്ളി നടേശൻ തൻ്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു. ഇതു സഹിച്ചുനിന്ന ശ്രീനാരായണ ഗുരുവിൻ്റെ വിശ്വാസികൾക്ക് വളരെ സമാധാനം ലഭിച്ച തീരുമാനമാണ് വിധിയിലൂടെ ഉണ്ടായത്. അതിൽ എല്ലാ പ്രവർത്തകരും ഏറെ സന്തോഷിക്കുന്നു. അസംബ്ലി, പാർലമെൻ്റ് തെരഞ്ഞെടുപ്പ് പോലെ എസ്എൻഡിപിയിലും തെരഞ്ഞെടുപ്പ് ഉണ്ടായാൽ വെള്ളാപ്പള്ളി ഏതെങ്കിലും വഴി ഓടി രക്ഷപ്പെടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നത്. എസ്എൻഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ ഇരുന്നൂറ് അംഗങ്ങൾക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഇല്ലാതായി. എല്ലാ അംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താനാകും. എസ്എൻഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഇതേ തുടർന്ന് ഭരണസമിതിയുടെ കാലാവധി മൂന്ന് വർഷമായി ചുരുങ്ങി. കൂടാതെ കമ്പനി നിയമം അനുസരിച്ച് 1974ൽ കേന്ദ്രം നൽകിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.
അതേസമയം ഹൈക്കോടതി വിധി ദുഖകരമെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. വിധിയെക്കുറിച്ച് കൂടുതൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നു വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.