കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. ആലുവ മജിസ്ട്രേറ്റിന് മുന്നിലാണ് അമ്മ ശോഭന രഹസ്യ മൊഴി നൽകിയത്. പൾസർ സുനിയെ കണ്ടതിനു ശേഷം മകൻ പറഞ്ഞ കാര്യങ്ങളൊക്കെ കോടതിയെ അറിയിച്ചു എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
തൻ്റെ മകനു ഭീഷണിയുണ്ടെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് പൾസർ സുനി അയച്ച കത്ത് പുറത്തുവിട്ടത്. സിനിമാ മേഖലയിലുള്ള നിരവധി ആളുകൾക്ക് ഗൂഢാലോചനയിൽ അടക്കം പങ്കുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ്. പൾസർ സുനിക്കും ചില കാര്യങ്ങൾ പറയാനുണ്ട്. അവസരം കിട്ടിയാൽ മാധ്യമങ്ങളോട് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുമെന്നും ശോഭന പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചനാക്കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ തുടരുകയാണ്. ദിലീപിനൊപ്പം സഹോദരൻ അനൂപും സഹോദരി ഭർത്താവ് സൂരജും രാവിലെ ഹാജരായി. രാവിലെ 9 മുതൽ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാൻ അനുമതിയുള്ളത്.
ദിലീപിൻ്റെ സിനിമ നിർമാണ കമ്പനിയിലെ ജീവനക്കാരനെയും സംവിധായകൻ റാഫിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് റാഫിയെ വിളിച്ചുവരുത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ ചിത്രത്തിന് തിരക്കഥ എഴുതിയത് റാഫിയാണ്. പിക് പോക്കറ്റ് എന്ന സിനിമ വേണ്ടെന്ന് വിളിച്ചു പറഞ്ഞത് സംവിധായകൻ ബാലചന്ദ്രകുമാറാണ്. എന്നെ അദ്ദേഹമാണ് വിളിച്ചു പറഞ്ഞതെന്നും സംവിധായകൻ റാഫി പറഞ്ഞു. ഈ അടുത്ത കാലത്താണ് അദ്ദേഹം സിനിമ വേണ്ടന്ന് വിളിച്ചു പറഞ്ഞത്.
ദിലീപും ബാലചന്ദ്രകുമാറും തമ്മിൽ പ്രശ്ങ്ങൾ ഉള്ളതായി തോന്നിയിട്ടില്ല. സിനിമ നീട്ടിവയ്ക്കുമ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ ബാലചന്ദ്രകുമാറിന് ഉണ്ടായിരുന്നു. തിരക്കഥ എഴുതിയത് ബാലചന്ദ്രകുമാറായിരുന്നു ഞാൻ അത് പോളിഷ് ചെയ്യാനായി കമ്മിറ്റ് ചെയ്തത് 2018 ലാണ്. ക്രൈംബ്രാഞ്ച് ഇപ്പോൾ വിളിപ്പിച്ചതിലുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ താത്പര്യപ്പെടുത്തുന്നില്ല എന്നും സംവിധായകൻ റാഫിപറഞ്ഞു. സംവിധായകൻ ബാലചന്ദ്ര കുമാർ കൈമാറിയ ഓഡിയോ റെക്കോർഡിൽ റാഫിയുടെ ശബ്ദവുമുണ്ട്.
ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയതെന്ന് എസ്പി അറിയിച്ചു. ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിൻ്റെ തിരക്കഥ എഡിറ്റ് ചെയ്യാനായി ഏൽപ്പിച്ചിരുന്നത് റാഫിയെ ആയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥർ അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഇന്നലെ പ്രതികളെ ചോദ്യം ചെയ്തത്. ഇന്നലെ രേഖപ്പെടുത്തിയ മൊഴികളുടെ പരിശോധന പൂര്‍ത്തിയായി. ഒരുമിച്ച് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും അന്വേഷണസംഘം തയാറാക്കിയിട്ടുണ്ട്. മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്താനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ വാക്കാല്‍ ഗൂഢാലോചന നടത്തിയതിന് പുറമേ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിച്ചതിൻ്റെയും തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.