കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ റാഫിയില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ തേടി. ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് റാഫിയെ വിളിച്ചുവരുത്തിയത്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് റാഫിയില്‍നിന്ന് മൊഴിയെടുത്തത്. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ ചിത്രത്തിന് തിരക്കഥ എഴുതിയത് റാഫിയാണ്. ‘പിക് പോക്കറ്റ്’ എന്ന സിനിമ വേണ്ടെന്ന് വിളിച്ചു പറഞ്ഞത് സംവിധായകൻ ബാലചന്ദ്രകുമാറാണ്. എന്നെ അദ്ദേഹമാണ് വിളിച്ചു പറഞ്ഞതെന്നും സംവിധായകൻ റാഫി പറഞ്ഞു.
ദിലീപിൻ്റെ സിനിമ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിൻ്റെ മാനേജറെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും അന്വേഷിക്കുന്നതിൻ്റെ ഭാഗമായാണ് റാഫിയെ വിളിച്ചുവരുത്തിയതെന്നാണ് സൂചന. ബാലചന്ദ്രകുമാര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ‘പിക്ക് പോക്കറ്റ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം.
അതേസമയം സംവിധായകൻ ബാലചന്ദ്ര കുമാർ കൈമാറിയ ഓഡിയോ റെക്കോർഡിൽ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയതെന്ന് എസ് പി മോഹനചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സമയം നീട്ടിനല്‍കില്ലെന്ന സുപ്രീംകോടതി വിധി ഈ കേസിനെ ബാധിക്കില്ലെന്നും രണ്ടും വ്യത്യസ്തമായ കേസുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിനെ നായകനാക്കി നേരത്തെ ബാലചന്ദ്രകുമാർ സിനിമ ചെയ്യാൻ ശ്രമിച്ചിരുന്നു.
ഈ സിനിമയുടെ തിരക്കഥയിലെ തിരുത്തലിനായി അന്തരിച്ച സംവിധായകൻ സച്ചിയെ ആയിരുന്നു ഏൽപ്പിച്ചത്. മറ്റ് രണ്ട് സിനിമകൾ ചെയ്യുന്നതിനാൽ അദ്ദേഹം അത് മറ്റ് രണ്ട് പേരെ ഏൽപ്പിച്ചുവെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഇതിൽ താൽപ്പര്യമില്ലാതിരുന്നതോടെ താൻ ഇക്കാര്യം ദിലീപിനെ അറിയിച്ചു. ഇതോടെ ദിലീപ് ഇടപെട്ട് തിരക്കഥ റാഫിക്ക് നൽകിയെന്നാണ് സംവിധായകൻ്റെ വെളിപ്പെടുത്തൽ. പക്ഷേ പിന്നീട് നടിയെ ആക്രമിച്ച കേസിൽ ദിലിപിന് പങ്കുണ്ടെന്ന് തനിക്ക് മനസിലായെന്നും ഇതോടെ സിനിമ സംവിധാനം ചെയ്യുന്നതിൽ നിന്നും താൻ പിൻമാറിയെന്നുമാണ് ബാലചന്ദ്രകുമാർ പറയുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യംചെയ്യുന്നത് രണ്ടാംദിവസവും തുടരുകയാണ്. തിങ്കളാഴ്ചയും രാത്രി എട്ടുമണിവരെ ദിലീപിനെ ചോദ്യംചെയ്യും. ആകെ മൂന്നുദിവസത്തെ ചോദ്യംചെയ്യലിനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.