ഇടുക്കി: വാല്‍പാറയില്‍ തോട്ടം മേഖലയിലും നഗര പ്രദേശങ്ങളിലും കാട്ടാനകളുടെയും പുലികളുടെയും ആക്രമണം വീണ്ടും പെരുകുന്നു.തൊഴിലാളികളും നഗരവാസികളും ഒരുപോലെ കനത്തഭീതിയിലാണ് ഇപ്പോള്‍.ഇതിനിടെ കഴിഞ്ഞ ദിവസം രാത്രിയില്‍ നഗരത്തിന്റെ ഹൃദയ ഭാഗമായ ഹെഡ് പോസ്റ്റാഫീസിനു സമീപത്തുകൂടി പുലി നടന്നു നീങ്ങുന്നത് ഇവിടെ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട് . ഈ ക്യാമറ ദൃശ്യങ്ങള്‍ വൈറലായതോടെ നഗരവാസികളുംഇപ്പോള്‍ കനത്ത ഭീതിയിലാണ് . മാത്രമല്ല കഴിഞ്ഞ ചില മാസങ്ങളായി പ്രദേശമാകെ കാട്ടാനകളുടെ ആക്രമണം നിത്യ സംഭവമായതോടെ തോട്ടം തൊഴിലാളികള്‍ പലരും ഇവിടം വിട്ടു സ്വന്തം നാടുകളിലേക്ക് തിരികെ പോയി.
അതുപോലെ തന്നെ ഒരു ദിവസം വൈകുന്നേരം അഞ്ചു മണിയോടെ നല്ലകാത്തു എസ്റ്റേറ്റിലെ ലയങ്ങള്‍ക്കു സമീപം കുട്ടികള്‍ കളിക്കുന്നതിനിടയിലാണ് 11 വയസ്സുകാരന്‍ ദീപക്കിനെ പുലി പൊടുന്നനെ ആക്രമിച്ചത്.ദീപക്കിന്റെയും മറ്റു കുട്ടികളുടെയും കരച്ചില്‍ കേട്ട് ഓടിക്കൂടിയ തൊഴിലാളികള്‍ ബഹളം വച്ചതോടെയാണ് പുലി പിടി വിട്ടു കാട്ടിലേക്ക് ഓടിയത്. കഴുത്തിലും ,പുറത്തും പരുക്കേറ്റ ബാലനെ വാല്‍പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ കുട്ടി ദിവസം ആശുപത്രി വിട്ടു.
എത്രകാലം വന്യ മൃഗങ്ങങ്ങളുടെ ഭീഷണിയില്‍ കൊച്ചു കുട്ടികളെ വച്ച് ജീവിക്കുവാന്‍ സാധിക്കുമെന്നാണ് തോട്ടം തൊഴിലാളികളുടെ മുഖ്യ ചോദ്യം.ഓരോ ദിവസവും ആക്രമണങ്ങള്‍ കൂടുകയാണ്.അധികൃതര്‍ ആരും തന്നെ തിരിഞ്ഞനോക്കുന്നുമില്ല,വേണ്ട നടപടികൾ സ്വീകരിക്കുന്നുമില്ല