പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസിലെ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. എസ് ഡി പി ഐ ഭാരവാഹിയായ കൊഴിഞ്ഞാമ്പാറ സ്വദേശി മുഹമ്മദ് ഹാറൂൺ ആണ് പിടിയിലായത്. കൊല ആസൂത്രണം ചെയ്തതിനൊപ്പം കാറിലെത്തി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘാംഗമാണ് നിലവില്‍ അറസ്റ്റിലായ യുവാവ്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇനി പിടിയിലാകാനുള്ളത് രണ്ട് പേരാണ്. ഇതിനിടെ കേസിൽ ഉൾപ്പെട്ട പ്രതികളെ പിടികൂടുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. നവംബർ 15നാണ് സഞ്ജിത്തിനെ പട്ടാപ്പകൽ നടുറോഡിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത്.
പ്രതികളെ പിടികൂടാൻ പോലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം രാഷ്ട്രീയ വൈരാഗ്യമാണ് സഞ്ജിത്തിനെ കൊലപ്പെടുത്താനുള്ള കാരണമായി പിടിയിലായവര്‍ മൊഴി നല്‍കിയത്. അവരുടെ സംഘടനയിലെ മറ്റൊരു പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിൻ്റെ വൈരാഗ്യവും കാരണമായതെന്നാണ് പ്രതികള്‍ പറയുന്നതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ദീര്‍ഘനാളത്തെ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് വിവരം.