പട്‌ന: ബിഹാറിലെ ചമ്പാരനില്‍ കുട്ടികള്‍ക്കുനേരെ ബിജെപി മന്ത്രിയുടെ മകന്‍ വെടിയുതിര്‍ത്തതായി പരാതി. ടൂറിസം മന്ത്രി നാരായണ്‍ പ്രസാദിൻ്റെ മകന്‍ ബബ്ലു പ്രസാദിനെതിരെയാണ് പരാതി. ക്രിക്കറ്റ് കളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെയാണ് വെടിയുതിര്‍ത്തതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.
വെസ്റ്റ് ചമ്പാരണ്‍ ജില്ലയിലെ ഹാര്‍ദിയ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. കുട്ടികള്‍ ക്രിക്കറ്റ് കളിച്ചുകണ്ടിരിക്കെ, ബബ്ലു പ്രസാദ് അടക്കം നാലഞ്ചുപേര്‍ എത്തുകയായിരുന്നു. ഇവര്‍ ഒരാളെ തോക്കിൻ്റെ പാത്തി കൊണ്ട് അടിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷി പറയുന്നു. ഭയന്ന് കുട്ടികള്‍ ചിതറിയോടുന്നത് വീഡിയോയില്‍ കാണാം. സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
Bihar BJP Minister Narayan Prasad’s son Bablu,opened gun fire on village kids playing cricket in Hardia village,Bettiah. Is this Democracy? Where are poor small kids playing cricket are thretenened with Gun? Plzz respond @RahulGandhi @yadavtejashwi pic.twitter.com/cdmWUWxC5s
— Kumar (@brightgaurav) January 23, 2022
വിവരം അറിഞ്ഞ നാട്ടുകാര്‍ ക്ഷുഭിതരായി മന്ത്രി നാരായണ്‍ പ്രസാദിൻ്റെ വീട്ടിലേക്കെത്തുകയും വാഹനം അടിച്ചു തകര്‍ക്കുകയും മകന്‍ ബബ്ലു പ്രസാദിനെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ ബബ്ലു ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ മകന്‍ വെടിയുതിര്‍ത്തു എന്ന ആരോപണം മന്ത്രി നാരായണ്‍ പ്രസാദ് നിഷേധിച്ചു. നാട്ടുകാര്‍ തൻ്റെ ഭൂമി കയ്യടക്കാന്‍ നിരന്തരം ശ്രമിച്ചു വരികയായിരുന്നു.
കഴിഞ്ഞദിവസവും ഇത്തരത്തിലൊരു നീക്കം നടന്നിരുന്നു. ഇതറിഞ്ഞ് കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായി തൻ്റെ സഹോദരങ്ങള്‍ സ്ഥലത്തെത്തി. എന്നാല്‍ അവരെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് മന്ത്രി പറയുന്നു. വിവരം അറിഞ്ഞാണ് മകന്‍ ബബ്ലു പ്രസാദും കൂട്ടരും സ്ഥലത്തെത്തിയത്. എന്നാല്‍ നാട്ടുകാര്‍ മകനെയും ഒപ്പമുള്ളവരെയും അടിച്ചിട്ടശേഷം തോക്ക് കൈക്കലാക്കിയെന്നും കാര്‍ നശിപ്പിച്ചുവെന്നും മന്ത്രി നാരായണ്‍ പ്രസാദ് ആരോപിച്ചു. സംഘര്‍ഷത്തിനിടെ ഒരു സംഘം നാട്ടുകാര്‍ കല്ലേറും നടത്തി. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും മന്ത്രി പറഞ്ഞു. തന്നെ അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് ആരോപണങ്ങളെന്നും മന്ത്രി പറഞ്ഞു.