യാംബു: നീണ്ട ഇടവേളക്കു ശേഷം പ്രൈമറി, നഴ്സറി തലങ്ങളിലുള്ള സ്കൂളുകള്‍ കൂടി ഓഫ് ലൈന്‍ ക്ലാസ് തുടങ്ങിയതോടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോവിഡിന് മുമ്പത്തേതുപോലെയാവുന്നു.യാംബു മേഖലയില്‍ പ്രൈമറി, നഴ്സറി തലങ്ങളില്‍ 38,000 വിദ്യാര്‍ഥികള്‍ സ്കൂളുകളിലേക്ക് കഴിഞ്ഞ ദിവസം തിരിച്ചെത്തിയതായി യാംബു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.കോവിഡ് പ്രോട്ടോകോള്‍ പാലനവും ആരോഗ്യ സുരക്ഷ മുന്‍കരുതലുകളും പൂര്‍ണമായി പാലിച്ചാണ് സ്ഥാപനങ്ങള്‍ പഠന സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്കൂളുകള്‍ തുറന്നതോടെ നിലവില്‍ ഒരുക്കിയ സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ സന്ദര്‍ശനം തുടങ്ങി.
സ്ഥിതിഗതികള്‍ വിലയിരുത്താൻ യാംബു വിദ്യാഭ്യാസ ഡയറക്ടര്‍ സലീം ബിന്‍ അബിയാന്‍ അല്‍ ഉത്വി, യാംബു ഗവര്‍ണര്‍ സഹദ് മര്‍സൂഖ് അല്‍ സുഹൈമി എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ഗവര്‍ണറേറ്റിലെ പ്രധാനപ്പെട്ട സ്കൂളുകള്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തി. വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഒരുക്കാന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറെ ജാഗ്രത കൈക്കൊള്ളണമെന്ന് യാംബു വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ സാമൂഹിക രംഗത്തെ ഇടപെടലുകളും ബഹുമുഖമായ കഴിവുകളും വികസിപ്പി ക്കാന്‍ നല്ല പഠനാന്തരീക്ഷം ഉണ്ടാവേണ്ടതിന്റെ അനിവാര്യത അദ്ദേഹം ഊന്നിപ്പറഞ്ഞു.