കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോൺ കോൾ റെക്കോർഡുകൾ പരിശോധിക്കാൻ അന്വേഷണ സംഘം. ദിലീപടക്കം അഞ്ച് പ്രതികളുടെ ഫോൺ വിളിയുടെ വിശദാംശങ്ങളാണ് ശേഖരിക്കുക. ഒരാഴ്ചത്തെ ഫോൺ കോളുകളാണ് പരിശോധിക്കുന്നത്. സാക്ഷികൾ ഉൾപ്പെടെ ഇവർ ആരെയൊക്കെ ബന്ധപ്പെട്ടു എന്നന്വേഷിക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിസ്താരം നീട്ടിവെക്കണമെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ സാക്ഷികളെ വിസ്തരിക്കരുതെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതുവരെ വിസ്താരം നീട്ടിവെക്കണം. സാക്ഷികളില്‍ രണ്ടുപേര്‍ അയല്‍ സംസ്ഥാനത്താണ്. ഒരു സാക്ഷിക്ക് കോവിഡ് ബാധിച്ചെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
വിസ്താരം പത്തുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് കോടതി ഉത്തരവ് നല്‍കിയിട്ടുള്ളത്. നടിയെ ആക്രമിച്ച സംഭവത്തിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലുമായി നടന് ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. രാവിലെ ഒമ്പതുമണിയ്ക്കാണ് ചോദ്യം ചെയ്യല്‍ പുനഃരാരംഭിച്ചത്. ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിൻ്റെ ഭാര്യയുടെ ബന്ധു അപ്പു എന്നീ പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരായി. പ്രതികളെ ഒന്നിച്ചിരുത്തിയാണ് ഇന്ന് ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.