കൊച്ചി: ട്രാൻസ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്‍റെ ആത്മഹത്യയില്‍ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് അന്വേഷണം. പരാതി കിട്ടി ആറുമാസത്തിന് ശേഷമാണ് നടപടി. ആശുപത്രി അധികൃതരുടെ കുറ്റകരമായ അനാസ്ഥ മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടതിനാലാണ് അനന്യ ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് അനന്യ ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.
കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. 2020 ലാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി.
നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റുനിൽക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്‌നങ്ങൾ ഏറെയുണ്ടെന്നും അവർ പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ജോലിക്ക് പോകാൻ പോലും സാധിച്ചിരുന്നില്ല അനന്യയ്ക്ക്. പല്ല് തേക്കാനോ, നാക്ക് വടിക്കാനോ പോലും പറ്റിയിരുന്നില്ല. മൂത്രമൊഴിക്കണമെങ്കിൽ വയറ് അമർത്തി പിടിക്കണമായിരുന്നു. സാധാരണഗതിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഒരു വ്യക്തിക്ക് 41 ദിവസത്തെ വിശ്രമകാലം പോലും അസഹനീയമാണ്.
മുറിവും, രക്തവും, അസ്ഥിസ്രവവും എല്ലാം കാരണം അനന്യയ്ക്ക് ഇരട്ടി ബുദ്ധിമുട്ടായിരുന്നുവെന്ന് അനന്യയുടെ സഹോദരി പറഞ്ഞിരുന്നു. കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോ.അർജുൻ അശോകാണ് ശസ്ത്രക്രിയ നടത്തിയതെന്ന് സഹോദരി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ പതിവിലും നാൾ നീണ്ടുനിന്നപ്പോൾ ഡോക്ടർ തന്നെ റീ സർജറി വേണമെന്ന് പറഞ്ഞിരുന്നതായും സഹോദരി അറിയിച്ചു. സർജറി കഴിഞ്ഞാൽ സാധാരണ നിലയിൽ ഏഴ് ദിവസം കഴിഞ്ഞാൽ ഡിസ്ചാർജായി വീട്ടിൽ പോകാം. എന്നാൽ അനന്യയ്ക്ക് ഒന്നര മാസത്തിലേറെനാൾ ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു.