മുംബൈ: റിലീസിനൊരുങ്ങുന്ന ‘വൈ ഐ കിൽഡ് ഗാന്ധി’ എന്ന ചിത്രം നിരോധിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നേതാക്കൾ കത്തയച്ചു. ജനുവരി 30ന് ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഗാന്ധിജിയുടെ ഘാതകനെ നായകനായി ചിത്രീകരിച്ചാൽ അത് അംഗീകരിക്കാനാവില്ല.
ഗാന്ധിജിയിലൂടെയും അദ്ദേഹത്തിൻ്റെ പ്രത്യയശാസ്ത്രത്തിലൂടെയുമാണ് നമ്മുടെരാജ്യം അറിയപ്പെടുന്നത്. ഗാന്ധിജിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രത്തെ എതിർക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോളെ പറഞ്ഞു. അമോൽ കോൽഹെ ഈ ചിത്രത്തിൽ ഗോഡ്സെയുടെ വേഷത്തിലെത്തുന്നതിനെയും പട്ടോളെ വിമർശിച്ചു.
കോൽഹെ നടനാണെങ്കിലും ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട ഒരു പാർട്ടിയുടെ പാർലമെന്റേറിയൻ കൂടിയാണ്. കലാകാരന് ലഭ്യമായ സ്വാതന്ത്ര്യം അദ്ദേഹം ദുരുപയോഗംചെയ്തു എന്നത് ദൗർഭാഗ്യകരമാണ്. ഗോഡ്സെയെ നായകനായി അവതരിപ്പിക്കാൻ ശ്രമിച്ച് അദ്ദേഹം ഒരു മോശം മാതൃകയാവുകയാണെന്ന് പട്ടോളെ പറഞ്ഞു. സിനിമയ്ക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.
സിനിമ റിലീസ് ചെയ്താൽ, അത് തെറ്റായ സന്ദേശമായിരിക്കും നൽകുന്നതെന്നും 1948 ജനുവരി 30-ന് നടന്ന ക്രൂരകൃത്യത്തിൻ്റെ പ്രദർശനം രാജ്യത്തെ മുഴുവൻ ഞെട്ടിക്കുമെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഗാന്ധിയുടെ ചരമവാർഷികദിനമായ ജനുവരി 30-നാണ് 45 മിനിറ്റ് ദൈർഘ്യമുള്ള ‘വൈ ഐ കിൽഡ് ഗാന്ധി’ ഒടിടിയിൽ റിലീസ് ചെയ്യുന്നത്.
പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ‘വൈ ഐ കിൽഡ് ഗാന്ധി’. എൻ സി പി നേതാവും നടനുമായ അമോൽ കോൽഹെയാണ് ഗോഡ്സെയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ഇദ്ദേഹത്തിനെതിരെ നേരത്തെ തന്നെ പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ, താൻ ഗാന്ധിയൻ ചിന്തകളിൽ ഉറച്ചു വിശ്വസിക്കുന്ന ആളാണെന്നും ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നില്ലെന്നും അമോൽ പറഞ്ഞു.
ഷിരൂരിൽനിന്നുള്ള എംപിയും ജനപ്രിയ ടെലിവിഷൻ നടനുമാണ് അമോൽ കോൽഹെ. ജനപ്രിയ ടെലിവിഷൻ സീരിയലുകളിൽ ഛത്രപതി ശിവജി മഹാരാജിൻ്റെയും മകൻ സംഭാജി മഹാരാജിൻ്റെയും വേഷങ്ങൾ അവതരിപ്പിച്ച് പ്രശസ്തനായ നടനുമാണ് കോൽഹെ. കോൽഹെക്കെതിരേ വിമർശനവുമായി മഹാരാഷ്ട്രമന്ത്രിയും എൻ സി പി നേതാവുമായ ജിതേന്ദ്ര അവ്ഹാദ് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. എന്നാൽ അമോൽ കോൽഹെയെ അനുകൂലിക്കുന്ന നിലപാടാണ് എൻ സി പി നേതാവ് ശരദ് പവാർ, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവർ എടുത്തത്.
കോൽഹെ ഒരു നടനെന്നനിലയിൽ മാത്രമാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നതെന്നും മഹാത്മാഗാന്ധിയുടെ ഘാതകൻ്റെ പ്രത്യയശാസ്ത്രത്തിൽ അദ്ദേഹം വ്യക്തിപരമായി വിശ്വസിക്കുന്നില്ലെന്നും ശരദ് പവാർ പറഞ്ഞു. ഈവേഷം ചെയ്യുമ്പോൾ കോൽഹെ എൻ സി പി യിൽ ഉണ്ടായിരുന്നില്ല. ഒരു കലാകാരനെന്ന നിലയിൽ അദ്ദേഹം ആ വേഷം സ്വീകരിച്ചു. അതിനർഥം അദ്ദേഹം ഗാന്ധിവിരുദ്ധനാണെന്നല്ല – ശരദ് പവാർ പറഞ്ഞു.
ഞാൻ അദ്ദേഹത്തോട് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, 2017- ലാണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നാണ് കോൽഹെ പറഞ്ഞത്. ഒരു കലാകാരനെന്ന നിലയിലാണ് അദ്ദേഹം ആ വേഷം സ്വീകരിച്ചത്. അദ്ദേഹം 2019-ലാണ് എൻ സി പിയിൽ അംഗമാകുന്നത്. അതിനുശേഷം അദ്ദേഹം പുരോഗമന പ്രത്യയശാസ്ത്രം സ്വീകരിച്ചു. എൻ സി പിയുടെ പ്രത്യയശാസ്ത്രമനുസരിച്ച് പൊതു-സാമൂഹിക ജീവിതത്തിൽ പാർട്ടിക്കൊപ്പം എല്ലാ പരിപാടികളിലും പങ്കെടുക്കുന്നുണ്ട് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.
പാർട്ടി സഹപ്രവർത്തകനായ ജിതേന്ദ്ര അവ്ഹാദ് കോൽഹെയെ വിമർശിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ജിതേന്ദ്ര പറയുന്നതിന് ഞാൻ ഉത്തരം പറയേണ്ടതില്ലെന്നും നിങ്ങൾക്ക് അദ്ദേഹത്തോട് അഭിപ്രായം ചോദിക്കാമെന്നുമാണ്’ അജിത് പവാർ പറഞ്ഞത്. കോൽഹെയെ പിന്തുണച്ച് ബോളിവുഡ് നടൻ നാനാപടേക്കറും രംഗത്തെത്തി.
‘അമോൽ കോൽഹെ ഒരു നടനാണ്, ഏതുവേഷം ചെയ്യണമെന്നത് അദ്ദേഹത്തിൻ്റെ വ്യക്തിസ്വാതന്ത്ര്യമാണ്’ നാനാ പടേക്കർ പറഞ്ഞു. 30 വർഷംമുമ്പ്, ഞാനും ഗോഡ്സെയുടെ വേഷംചെയ്തിട്ടുണ്ട്, അതിനർഥം ഞാൻ ഗോഡ്സെയെ പിന്തുണയ്ക്കുന്നുവെന്നാണോ. എന്തുകൊണ്ടാണ് ഞാൻ ഗോഡ്സെയുടെ വേഷം ചെയ്തത് എന്ന് നിങ്ങൾക്ക് എന്നോട് ചോദിക്കാമോ, അഭിനയമാണ് എൻ്റെ ഉപജീവനമാർഗം. ശിവാജി മഹാരാജിൻ്റെ വേഷം കോൽഹെ ചെയ്തപ്പോൾ എന്തിനാണ് ഈ വേഷം ചെയ്തതെന്ന് ആരും ചോദിച്ചില്ലല്ലോ- നാനാ പടേക്കർ പറഞ്ഞു.