ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനായേക്കുമെന്നുള്ള പ്രിയങ്ക ഗാന്ധി വദ്രയുടെ പ്രസ്താവനയെ പരിഹസിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) ദേശീയ പ്രസിഡന്റ് മായാവതി.കഴിഞ്ഞ ദിവസമായിരുന്നു ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി താനായേക്കുമെന്ന് തരത്തില്‍ പ്രിയങ്ക ഗാന്ധി പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കവെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
പ്രിയങ്കയും കോണ്‍ഗ്രസും ബി.ജെ.പി വിരുദ്ധവോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നും ജനങ്ങള്‍ ബി.എസ്.പിക്ക് വോട്ട് ചെയ്യണമെന്നും മായാവതി പറഞ്ഞു.’മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള നിലപാട് മണിക്കൂറുകള്‍ക്കകം മാറ്റിയതോടെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്.
അതുകൊണ്ടുതന്നെ ജനങ്ങള്‍ അവരുടെ വിലപ്പെട്ട വോട്ടുകള്‍ കോണ്‍ഗ്രസിന് ചെയ്ത് പാഴാക്കരുത്. അത് കോണ്‍ഗ്രസ് ബി.ജെ.പി വിരുദ്ധവോട്ടുകളെ ഭിന്നിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ, അതുകൊണ്ട് എല്ലാവരും ബി.എസ്.പിക്ക് തന്നെ വോട്ട് ചെയ്യണം,’എന്ന പ്രസ്താവനയുമായി മായാവതി രംഗത്തെത്തി..