ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ നിന്നും ഇന്ത്യന്‍ ടീം പിന്മാറി.ടീമിലെ നിരവധി അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.മത്സരത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അധികൃതര്‍ വെളിപ്പെടുത്തുന്നത്. പരിശോധനയില്‍ പല താരങ്ങള്‍ക്കും കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ഇന്ത്യുടെ ഈ പിന്മാറ്റം.
ചൈനീസ് തായ്പേയ് ടീമിനെതിരായ പോരാട്ടത്തില്‍ നിന്നാണ് ഇന്ത്യ പിന്മാറിയത്. ഫുട്ബോള്‍ കളിക്കാനുള്ള നിര്‍ദ്ദേശമനുസരിച്ച് ടീമില്‍ 13 അംഗങ്ങളാണ് വേണ്ടത്. 11 താരങ്ങളെ പ്ലെയിങ് ഇലവനിലും 2 താരങ്ങളെ റിസര്‍വ് ആയി നിര്‍ത്തണമെന്നും നിബന്ധനയില്‍ പറയുന്നുണ്ട്. മത്സരത്തിനായി ചൈനീസ് തായ്‌പേയ് താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി വാം അപ്പ് തുടങ്ങിയ ശേഷമാണ് ഇന്ത്യ പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ, ബുധനാഴ്ച ചൈനയ്ക്കെതിരെ നടക്കാനിരിക്കുന്ന മത്സരം നടക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.