തൃശൂര്‍: കാട്ടൂര്‍ മേഖലയില്‍ അമ്പലങ്ങളില്‍ നിന്ന് ദീപസ്തംഭങ്ങള്‍, ഓട്ടുവിളക്കുകള്‍ എന്നിവ മോഷണം നടത്തിയിരുന്ന പ്രതികള്‍ അറസ്റ്റിലായി. പൊഞ്ഞനം സ്വദേശികളായ കണ്ടനാത്തറ രാജേഷ് (50) ഇരിങ്ങാത്തുരുത്തി സാനു (36), വെള്ളാഞ്ചേരി വീട്ടില്‍ സഹജന് (49) എന്നിവരാണ് പിടിയിലായത്.
ഈ മാസം ഇരുപതാം തിയ്യതി വ്യാഴാഴ്ച പുലര്‍ച്ചെയാണ് പൊഞ്ഞനത്ത് നീരോലി , മതിരമ്പിള്ളി കുടുംബ ക്ഷേത്രങ്ങളില്‍ നിന്നായി ഒരു ലക്ഷം രൂപ മേല്‍ വിലമതിക്കുന്ന ദീപസ്തംഭങ്ങള്‍ മോഷണം പോയത്. ഈ കേസ്സിലാണ് മൂന്നുപേരും അറസ്റ്റിലായത്.
റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ്പി ബിജുകുമര്‍, ഇരിങ്ങാലക്കുട ഡിവൈ എസ്പി ബാബു കെ തോമസ് കാട്ടൂര്‍ എസ്ഐ വിപി അരിസ്റ്റോട്ടില്‍ എന്നിവരുടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.
മോഷണമുതലുകള്‍ രാജേഷിന്റെ പറമ്പില്‍ പല സ്ഥലങ്ങളിലായി കുഴിച്ചിട്ട നിലയിലായിരുന്നു. ഇവയെല്ലാം കണ്ടെടുത്തിട്ടുണ്ട്.