തിരുവനന്തപുരം: അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ പുതിയ ഡെപ്യൂട്ടേഷൻ നയത്തിനെതിരെ കേരളം. നയത്തിൽ എതിർപ്പറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
പുതിയ ഭേദഗതി ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കത്തിൽ പറയുന്നു. ഫെഡറലിസത്തെ ദുർബലപ്പെടുത്തുന്ന പുതിയ ഭേദഗതി പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
നിര്‍ദ്ദിഷ്ട ചട്ട ഭേദഗതിയിലെ പല നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അനുകൂലമാണ്. അങ്ങനെ വരുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വിരുദ്ധമായ രാഷ്ട്രീയ നയങ്ങളുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഓള്‍ ഇന്ത്യ സര്‍വീസസ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ആ സര്‍ക്കാരുകളുടെ നയം നടപ്പിലാക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുകയും ഭയപ്പെടുകയും ചെയ്യും. അതിനാല്‍ ഭേദഗതി പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ഭരണഘടനാപരമായി കേന്ദ്രത്തിനാണ് കൂടുതല്‍ കാര്യങ്ങളില്‍ അധികാരമുള്ളത്. എങ്കില്‍പോലും ഫെഡറല്‍ സംവിധാനത്തില്‍ ഇരു സര്‍ക്കാരുകളും ഭരണഘടനാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തീരുമാനത്തില്‍നിന്ന് പിന്‍മാറണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ഇതേ അവശ്യം ഉന്നയിച്ച് രാജസ്ഥാൻ, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കേന്ദ്ര ഡെപ്യൂട്ടേഷന് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതാണ് ഭേദഗതി.
കേന്ദ്രസർവീസിലേക്ക് ആളെക്കിട്ടുന്നില്ലെന്ന വാദമുയർത്തിയാണ് കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത്.