സംസ്ഥാനത്ത് ട്രെയിൻ റദ്ദാക്കൽ തുടരുന്നതിന് പിന്നിലെ പ്രധാന കാരണം ലോക്കോ പൈലറ്റുമാരുടെ അഭാവം. യാത്രാ ട്രെയിനുകൾ ഓടിക്കാൻ മാത്രം സംസ്ഥാനത്ത് ഒരു ദിവസം വേണ്ടത് 157 ലോക്കോ പൈലറ്റുമാരാണ്. എന്നാൽ നിലവിൽ 107 പേർ മാത്രമാണുള്ളത്. ഇതുമൂലമാണ് ട്രെയിൻ റദ്ദാക്കൽ തുടരുന്നത്. ഇതിൽ തന്നെ പലരും കോവിഡ് ബാധിതരായി അവധിയിലാണ്.
ഈ മാസം 30 വരെ പാലക്കാട് ഡിവിഷനിൽ മാത്രം 4 ട്രെയിനുകളാണ് റദ്ദാക്കിയത്. മംഗളുരു – കോഴിക്കോട് എക്സ്പ്രസ്, കോഴിക്കോട് – കണ്ണൂർ, കണ്ണൂർ – ചെറുവത്തൂർ, ചെറുവത്തൂർ – മംഗളുരു അൺ റിസർവ്ഡ് എക്സ്പ്രസുകൾ എന്നിവയാണ് റദ്ദാക്കിയത്. കഴിഞ്ഞ ആഴ്ച മുതലാണ് കോവിഡ് വ്യാപനത്തിന്റെ പേരിൽ ഇവ റദ്ദാക്കിയത്. എന്നാൽ യഥാർത്ഥ കാരണം ജീവനക്കാർ ഇല്ലാത്ത തന്നെയാണ്.
78 ലോക്കോ പൈലറ്റ് ഒഴിവുകളാണ് പാലക്കാട് ഡിവിഷനിൽ മാത്രം ഉള്ളത്. ചരക്ക് ട്രെയിനിലേത് ഉൾപ്പെടെയാണ് ഇത്രയും ഒഴിവുകൾ. ഇവ യഥാസമയം നികത്താത്തതാണ് യഥാർത്ഥ പ്രശ്‌നത്തിന് കാരണം. ഒരു ട്രെയിൻ ഓടിക്കാൻ ഒരു ലോക്കോ പൈലറ്റിന് ഒപ്പം ഒരു അസി. ലോക്കോ പൈലറ്റ് കൂടി വേണം. നിലവിൽ അസി. ലോക്കോ പൈലറ്റുമാരുടെ എണ്ണം ലോക്കോ പൈലറ്റുമാരെക്കാൾ കൂടുതലാണ്.
കഴിഞ്ഞ രണ്ട് വർഷമായി ഇവർക്ക് പ്രമോഷൻ നൽകിയിട്ടില്ല. ലോക്ക് ഡൗണിനെ തുടർന്ന് ട്രെയിനുകൾ നിർത്തിവെച്ചിരുന്നതിനാൽ ഇവരുടെ പരിശീലന സമയം പൂർത്തിയാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ലോക്ക് ഡൗൺ സമയം ഇവരുടെ പരിശീലനം പൂർത്തിയാക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നെങ്കിൽ നിലവിലെ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല.
നിലവിൽ തുടർച്ചയായി അധിക ജോലി ചെയ്യിപ്പിച്ചും ചരക്ക് ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാരെ ഉപയോഗിച്ചുമാണ് മറ്റു സർവീസുകൾ മുടക്കമില്ലാതെ ഓടിക്കുന്നത്. എന്നാൽ ഇവരിൽ ഒന്നോ രണ്ടോ പേർക്കെങ്കിലും കോവിഡ് ബാധിക്കുകയോ മറ്റോ സംഭവിച്ചാൽ കൂടുതൽ സർവീസുകൾ മുടങ്ങും.