പത്തനംതിട്ട: അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സി.പി.ഐ. പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സി.പി.ഐ. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എന്‍.കെ. ഉദയകുമാര്‍, എല്‍.സി. സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ക്കാണ് ക്രൂര മര്‍ദനം ഏൽക്കേണ്ടി വന്നത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന ബാങ്ക് തിരഞ്ഞെടുപ്പിനിടെ പ്രദേശത്ത് സി.പി.ഐ-സി.പി.എം. സംഘര്‍ഷം ഉടൽ എടുത്തിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ വോട്ട് ചെയ്യാനെത്തിയത് സി.പി.ഐ. പ്രവര്‍ത്തകര്‍ ചോദ്യംചെയ്തതോടെയാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. സംഘര്‍ഷത്തില്‍ സി.പി.ഐ, സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെ ഞായറാഴ്ച രാത്രി സി.പി.ഐ. പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരേയും ആക്രമണം നടന്നിട്ടുണ്ട് .
















