നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സത്യം പുറത്തുകൊണ്ടുവരുമെന്ന് എ.ഡി.ജി.പി എസ് ശ്രീജിത്ത് വ്യക്തമാക്കി. വി.ഐ.പി ആരെന്ന് ഇപ്പോള്‍ പറയാനാവില്ല. സാക്ഷികള്‍ കൂറുമാറിയത് ഉള്‍പ്പെടെ അന്വേഷിക്കും. ഒന്നും ഇല്ലാതെയല്ല ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നതെന്ന് മനസ്സിലാക്കാമല്ലോയെന്നും ഇന്നലെ കോടതിയില്‍ നടന്നത് കണ്ടതാണല്ലോയെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.
“വി.ഐ.പി ആരെന്ന് ഔദ്യോഗികമായി ഇപ്പോള്‍ പറയാൻ സാധിക്കില്ല . മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയവരെയും, ആവശ്യം വന്നാല്‍ അല്ലാത്തവരെയും ചോദ്യംചെയ്യും. സാക്ഷികള്‍ കൂറുമാറാനുണ്ടായ സാഹചര്യം പരിശോധിക്കും. കേസ് സത്യസന്ധമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരും. ആവശ്യത്തിന് തെളിവുകള്‍ കയ്യിലുണ്ട്, ബാക്കി അന്വേഷിച്ച് കണ്ടെത്തും. ഒന്നും ഇല്ലാതെയല്ല ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നതെന്ന് മനസ്സിലാക്കാമല്ലോ. ഇന്നലെ കോടതിയില്‍ നടന്നത് കണ്ടതാണല്ലോ. ചോദ്യംചെയ്യലില്‍ സഹകരിക്കുമ്പോള്‍ ചില തെളിവുകള്‍ കിട്ടും. നിസ്സഹകരിക്കുമ്പോള്‍ വേറെ കുറേ തെളിവുകള്‍ കിട്ടും. രണ്ടും അന്വേഷണത്തിന് സഹായകരമാണ്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് കാര്യങ്ങള്‍ ചെയ്യുന്നത്. നിസ്സഹകരണം ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കും”- എന്നും അദ്ദേഹം വ്യക്തമാക്കി.