വെല്ലിംഗ്ടൺ: ലോകം മുഴുവനും ഒമിക്രോൺ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ ഞായറാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റി വയ്ക്കുന്നുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ അറിയിച്ചു.
എന്റെ വിവാഹ ചടങ്ങുകൾ നടക്കില്ല – പുതിയ നിയന്ത്രണങ്ങൾ വിശദീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. ”ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും ഞാനും തമ്മിൽ വ്യത്യാസമൊന്നുമില്ല. കൊവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവർക്കൊപ്പം ഞാനും ചേരുന്നു. ഇതേ അവസ്ഥ ഉള്ളവരോട് ക്ഷമ ചോദിക്കുന്നു” – എന്നും ജസീന്ദ വ്യക്തമാക്കി. പൂർണ്ണമായും വാക്സിനെടുത്ത 100 പേരെ പങ്ക് എടുപ്പിച്ച് ചടങ്ങ് നടത്താമെന്നിരിക്കിലും വിവാഹം മാറ്റിവയ്ക്കാൻ ജസീന്ദ തീരുമാനം എടുക്കുകയായിരുന്നു.
ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്തയുടെ വരൻ. ഇരുവരും ഒരുമിച്ച് പങ്ക് എടുത്ത ഒരു പരിപാടിക്കിടെയാണ് ജസീന്ദ ഗേഫോഡിനെ കാണുന്നത്. പിന്നീട് ഈ കൂടിക്കാഴ്ച സൌഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിവെച്ചു. മൂന്ന് വയസ്സുള്ള ഒരു മകളും ഇവർക്കുണ്ട്. അടുത്തകാലത്തായാണ് തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്ന് ഇരുവരും പ്രഖ്യാപിച്ചത്.