അഞ്ചൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച റേഷൻ കട വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തടിക്കാട്ടിലെ റേഷൻ ഡിപ്പോ ഉടമയായ തടിക്കാട് ഷിബു മൻസിലിൽ സുബൈർ റാവുത്തറാണ് (75) പിടിയിലായത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ സ്ഥലത്തില്ലാതിരുന്ന സമയത്ത് അയൽവാസിയായ സുബൈർ റാവുത്തർ വീട്ടിനുള്ളിൽ കടന്ന് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
നിലവിളിച്ചോടിയ പെൺകുട്ടി വിവരം അയൽവാസികളെയും ബന്ധുക്കളോടും പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ രക്ഷിതാക്കൾ ശിശുക്ഷേമ സമിതിയെയും പൊലീസിനെയും വിവരം അറിയിച്ചു. അധികൃതരെത്തി പെൺകുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്തു.സംഭവം പുറത്തറിഞ്ഞതോടെ സുബൈർ റാവുത്തർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചൽ പൊലീസ് ആശുപത്രിയിൽ എത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.