കാബൂൾ : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിൽ മിനി ബസിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഹാജി അബ്ബാസ് ഏരിയയിൽ ഇന്നലെ വൈകിട്ട് ആയിരുന്നു സ്ഫോടനം.പത്തോളം പേർക്ക് പരിക്കേറ്റു.
ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചനകൾ. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ബസിന്റെ ഇന്ധന ടാങ്കിൽ ആയിരിന്നു ബോംബ് ഘടിപ്പിച്ചിരുന്നത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ഹെറാത്ത്. ഇറാൻ അതിർത്തിയോട് ചേർന്നാണ് ഹെറാത്ത് സ്ഥിതി ചെയ്യുന്നത്.