കോട്ടയം; വൈകപ്രയാറിൽ മകന്റെ മർദനമേറ്റ് അമ്മ മരിച്ചു. ഒഴുവിൽ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് മരിച്ചത്. ശനിയാഴ്ച 4 മണിയോടെയാണ് സംഭവം മദ്യലഹരിയിലായിരുന്ന മകൻ ബൈജു, മന്ദാകിനിയെ മർദിച്ച ശേഷം സമീപത്തെ തോട്ടിൽ മുക്കി താഴ്ത്തുകയായിരുന്നു.
മന്ദാകിനിയുടെ നിലവിളി കേട്ട് സമീപത്തെ പറമ്പിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ എത്തിയെങ്കിലും ബൈജു അരിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കൂടുതൽ നാട്ടുകാർ എത്തിയതോടെ ഇയാൾ തോട്ടിൽനിന്ന് വീട്ടിലേക്ക് കയറിപ്പോയി.
ഈ സമയത്താണ് മന്ദാകിനിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്വാസകോശത്തിൽ ചളി നിറഞ്ഞ് അതിഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അവിടെ എത്തിക്കുമ്പോഴേക്കും മരിച്ചു.അമ്മയെ ബൈജു സ്ഥിരമായി മർദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.. കസ്റ്റഡിയിൽ എടുത്ത ബൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ല പോലീസ് മേധാവി സംഭവ സ്ഥലത്ത് എത്തി അന്വേഷണത്തിന് നേതൃത്വം നല്കി.